വിവാദം കരിയറിനെ ബാധിച്ചു; ഷാഫിക്കയ്ക്കുള്ള പിറന്നാള്‍ ആശംസ ഇത്ര വിവാദമാകും എന്ന് കരുതിയില്ല
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മോശമായി പെരുമാറിയെന്ന് ആദ്യമായി ആരോപണം ഉന്നയിച്ച വ്യക്തികളില്‍ ഒരാളാണ് നടി റിനി ആന്‍ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും യുവ നേതാവ് എന്ന് പറഞ്ഞ് കൃത്യമായ സൂചനകളോടെയാണ് റിനി രാഹുലിനെതിരെ ആരോപണം ഉന്നയിച്ചത്. റിനിയുടെ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് സ്ത്രീകള്‍ രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കുകയും ചെയ്തു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് റിനി നേരിടേണ്ടി വന്നത്. രാഹുല്‍ അനുകൂലികളില്‍ നിന്ന് വധഭീഷണി ഉള്‍പ്പെടെ ഉണ്ടാവുകയും ചെയ്തു.
ഇപ്പോഴിതാ, അന്നത്തെ വിവാദങ്ങള്‍ തന്റെ കരിയറിനെ ബാധിച്ചെന്നാണ് റിനി ആന്‍ ജോര്‍ജ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിനാണ് റിനി മറുപടി പറഞ്ഞത്.

റിനിയുടെ വാക്കുകള്‍ ഇങ്ങനെ: അന്നുണ്ടായ വിവാദം കരിയറിനെ കുറച്ചൊക്കെ ബാധിച്ചിട്ടുണ്ട്. ബോള്‍ഡ് ആയിട്ടുള്ള അഭിപ്രായങ്ങള്‍ പറയുന്ന, വ്യക്തിത്വമുള്ള സ്ത്രീകളോട് പൊതുവേ ഒരു വിമുഖത പുലര്‍ത്തുന്ന സമൂഹമാണ് കേരള സമൂഹം എന്ന് തോന്നിയിട്ടുണ്ട്. അപ്പോ തീര്‍ച്ചയായിട്ടും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. സ്ത്രീകള്‍ ഒരു അഭിപ്രായം പറയുന്നതിനോട് യോജിക്കാത്ത സമൂഹമാണിത്. എല്ലാ ഫീല്‍ഡും അങ്ങനെയാണ്. അതുകൊണ്ട് കരിയറിനെ ബാധിക്കും. ഞാനതിനെ വലിയ കാര്യമായി കാണുന്നില്ല. കാരണം വിട്ടുവീഴ്ച ചെയ്ത് ഒന്നും നേടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ വ്യക്തിത്വത്തില്‍ നിന്നു കൊണ്ട് കരിയര്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
ഞാന്‍ ആങ്കറിങ് കുറച്ചുനാളായി ചെയ്യുന്നില്ല. ആക്ടിങ് ഫീല്‍ഡിലേക്ക് മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. ഒരു സിനിമ ചെയ്തിരുന്നു. അതിനു ശേഷം മൂവി ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കാരണം അതിന്റെ ഇടയില്‍ കുറച്ച് വിവാദങ്ങളിലൊക്കെ പെട്ടുപോയതുകൊണ്ട് കരിയര്‍ ഫോക്കസ് ഇത്തിരി കുറഞ്ഞു പോയിട്ടുണ്ട്. അങ്ങനെ ഒരു സിറ്റുവേഷനിലായിരുന്നു. ഇനി കരിയറിലേക്ക് തന്നെ കൂടുതല്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനം.
പബ്ലിസിറ്റിക്കു വേണ്ടിയാണ് രാഹുലിന് എതിരേ ആരോപണം ഉന്നയിച്ചതെന്ന് ചിലര്‍ പറയുന്നു. അങ്ങനെ ചിന്തിക്കുന്നവര്‍ അങ്ങനെ തന്നെ ചിന്തിക്കട്ടെ. ഇങ്ങനെയൊരു പബ്ലിസിറ്റി കിട്ടിയതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. കുറെ എതിര്‍പ്പുകളും ആജീവനാന്ത ശത്രുക്കളും ഉണ്ടാകും എന്നല്ലാതെ എന്തു ഗുണമാണുള്ളത്. പബ്ലിസിറ്റി എന്ന് പറയുന്നത് പോസിറ്റീവായി കിട്ടേണ്ടതാണ്. കമന്റുകള്‍ ബാധിച്ചിട്ടില്ല. നമ്മളെ ഒരു നെഗറ്റീവ് പേഴ്‌സണാലിറ്റി ആയി ചിത്രീകരിക്കുന്നതാണ് പ്രശ്‌നം. ഞാനെന്റെ ഒരു പ്രശ്‌നം, ഇന്റര്‍വ്യൂവില്‍ സംസാരിച്ചത് എങ്ങനെയോ വൈറല്‍ ആയതാണ്.
സ്ത്രീകള്‍ ഒരു പ്രശ്‌നം തുറന്നു പറയുമ്പോള്‍ അതിനെ സ്വാഗതാര്‍ഹമായി എടുക്കുന്ന സൊസൈറ്റിയിലല്ല നമ്മള്‍ ജീവിക്കുന്നത്. ഷാഫി പറമ്പില്‍ എംപിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിന്റെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിലും റിനി പ്രതികരിച്ചു. ഞാന്‍ എല്ലാ കൊല്ലവും ഷാഫിക്കയ്ക്ക് ബര്‍ത്ത് ഡേ വിഷ് ഇടാറുണ്ട്. അങ്ങനെ ഇട്ടതാണ്. എനിക്ക് അടുത്തറിയുന്ന ആളാണ് ഷാഫിക്ക. അതും ട്രോള്‍ ആയി മാറി. 2023 മുതല്‍ അദ്ദേഹത്തെ എനിക്ക് അടുത്ത് അറിയാം. അതുകൊണ്ടാണ് വിഷ് ഇട്ടത്. ഇത്രയും വിവാദം ആകുമെന്ന് പ്രതീക്ഷിച്ചില്ല. നെഗറ്റീവ് കമന്റുകള്‍ വരുമെന്ന് അറിയാമായിരുന്നു - റിനിയുടെ വാക്കുകള്‍.












Click it and Unblock the Notifications