യുവനേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി റിനി ആന്‍ ജോര്‍ജ്; പരാതിപ്പെട്ടപ്പോള്‍ Who Cares എന്ന നിലപാട്
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ എതിരെ വെളിപ്പെടുത്തലുമായി നടിയും യുവ മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. രാഷ്ട്രീയ നേതാവിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും റിനി വെളിപ്പെടുത്തി. വളരെ മോശം സമീപനമാണ് ആ വ്യക്തിയില്‍ നിന്ന് ഉണ്ടായത് എന്നും അവര്‍ പ്രതികരിച്ചു.
'പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് പറഞ്ഞു. ഇതിന് അപ്പോള്‍ തന്നെ പ്രതികരിച്ചു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ല. എന്നാല്‍ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടര്‍ന്നു,' റിനി മാധ്യമങ്ങളോട് പറഞ്ഞു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടിയെന്നും അവര്‍ പറഞ്ഞു.

ഹൂ കെയേഴ്‌സ് (Who Cares) എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെ നിലപാടെന്നും റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തി. അയാളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചപ്പോള്‍ who cares എന്ന ആറ്റിറ്റിയൂഡ് ആയിരുന്നെന്നും അയാള്‍ക്ക് തുടര്‍ന്നും സ്ഥാനമാനങ്ങള്‍ വാരിക്കോരി നല്‍കി എന്നും റിനി ആരോപിച്ചു. വളരെ മോശമായ രീതിയില്‍ ആണ് അയാള്‍ എന്നെ അപ്രോച്ച് ചെയ്തത്.
ഈയിടെ ഇതിനെ സംബന്ധിച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി നില്‍ക്കുന്ന പല മാന്യന്‍മാര്‍ക്കും 'ഹൂ കെയേഴ്സ്' എന്ന ആറ്റിറ്റിയൂഡായിരുന്നു. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. മോശം മെസേജുകള്‍ അയയ്ക്കുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോഴും അത് തുടര്‍ന്നു.
സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത് എന്നും തുടക്കം മുതല്‍ മോശം മെസേജുകള്‍ അയച്ചു എന്നും റിനി ആരോപിക്കുന്നു. മൂന്നര വര്‍ഷം മുന്‍പാണ് ആദ്യമായി മെസേജ് അയച്ചത് എന്നും അതിനുശേഷം അയാള്‍ ജനപ്രതിനിധിയായി എന്നും റിനി പറഞ്ഞു. എന്നാല്‍ അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത് എന്നും അവര്‍ പറഞ്ഞു.
അതേസമയം അയാളെക്കുറിച്ച് സമാന പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രമാണ് പറയാനുള്ളത്. പറയേണ്ട സ്ഥലങ്ങളില്‍ എല്ലാം പരാതി അറിയിച്ചിട്ടുണ്ട് എന്നും പ്രമാദമായ പീഡനകേസുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു എന്നും റിനി പറയുന്നു.
'ഇയാള്‍ ഉള്‍പ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്‌സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാട്. പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണ്. ഇയാളുടെ പ്രസ്ഥാനത്തിന് ധാര്‍മികതയുണ്ടെങ്കില്‍ ഇനിയെങ്കിലും നിയന്ത്രിക്കണം. ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയി,' റിനി ആന്‍ ജോര്‍ജ് പറയുന്നു.












Click it and Unblock the Notifications