നടിയുടെ കേസില്‍ ഉത്സാഹിച്ചവര്‍ മറന്നു,കൂടെനിന്ന് ഉപ്പുംചോറും തിന്നവര്‍ കുടുംബത്തെ പീഡിപ്പിക്കുന്നു
മണിയുടെ കേസില്‍ നീതി ലഭിക്കാന്‍ മരണം വരെ പോരാടുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ കേസിലെ അന്വേഷണം വഴിമുട്ടിയതിനെതിരെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കെതിരെയും സിനിമാക്കാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. പ്രമുഖ നടിയുടെ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ഉത്സാഹിച്ച സിനിമ നടന്‍മാര്‍ മണിയുടെ കേസ് സൗകര്യപൂര്‍വ്വം മറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിയുടെ കേസില്‍ നീതി ലഭിക്കാന്‍ മരണം വരെ പോരാടുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. കലാഭവന്‍ മണിയെയും കുടുംബത്തെയും പരിഹസിക്കുന്ന രീതിയില്‍ ആക്ഷേപഹാസ്യ പരിപാടി അവതരിപ്പിച്ച ചാനലിനെയും രൂക്ഷമായ ഭാഷയിലാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ വിമര്‍ശിച്ചിരിക്കുന്നത്.

സിനിമാരംഗത്തുള്ളവര്‍ തിരക്കിലായിരിക്കാം...
നടിയുടെ കേസിന് ശേഷം ഒരുപാട് ആളുകള്‍ ചോദിച്ച ചോദ്യമായിരുന്നു സിനിമാ രംഗത്തുള്ളവര്‍ക്ക് എന്തുകൊണ്ട് മണിയുടെ കേസില്‍ ഉത്സാഹമില്ല എന്നത്. അതെല്ലാം നമ്മുടെ വിധിയായിരിക്കാം എന്നു പറയുന്ന രാമകൃഷ്ണന്‍, സിനിമാ മേഖലയിലുള്ളവര്‍ തിരക്കിലായതിനാലോ, അല്ലെങ്കില്‍ വിഷമത്തിലായതിനാലോ ആകാം കേസിനെ കുറിച്ച് അന്വേഷിക്കാത്തതെന്നും പറയുന്നു.

കുടുംബം ഉണ്ടെങ്കിലേ വേദന അറിയൂ...
സ്‌നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ആവശ്യപ്പെടുന്നുണ്ട്. മലയാളത്തിലെ ഒരു താരം ചെയര്‍മാനായ ചാനലില്‍ തങ്ങളെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തില്‍ ആക്ഷേപഹാസ്യ പരിപാടി അവതരിപ്പിച്ചിരുന്നു. കുടുംബം ഉണ്ടെങ്കിലേ ഇവര്‍ക്കെല്ലാം ഇതിന്റെ വേദനയറിയുവെന്നും രാമകൃഷ്ണന്‍ കുറിച്ചിട്ടുണ്ട്.

കുടുംബത്തിനെതിരെ കോപ്രായങ്ങള്‍...
നടിയുടെ കേസ് വന്നപ്പോള്‍ മേക്കപ്പ് വാരിവലിച്ചിട്ട് ഘോര ഘോരം പ്രസംഗിച്ച നടന്മാരുണ്ടായിരുന്നു, 'അമ്മ'യുടെ നിഷ്‌കളങ്കനായ അച്ഛനുമുണ്ടായിരുന്നു ഇവരോടൊപ്പം. മറ്റൊരു പരിപാടിയും കിട്ടിയില്ലെങ്കില്‍ കലാഭവന്‍ മണിയുടെ കുടുംബത്തിനെതികെ കോപ്രായങ്ങള്‍ കാണിച്ചുകൂട്ടി പരിപാടിയുണ്ടാക്കുന്നവരും ഇവിടെ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

മരണം വരെ പോരാട്ടം...
ഇവരെല്ലാം കട്ട് തിന്നത് ഇപ്പോള്‍ ഛര്‍ദ്ദിച്ച് തിന്നുകയാണെന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിക്കുന്നത്. കലാഭവന്‍ മണിയുടെ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ജീവന്‍ പോകുംവരെ പോരാടുമെന്നും പ്രഖ്യാപിച്ചാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.












Click it and Unblock the Notifications