റോബിൻ ബസ്സിന് എം വി ഡി പിഴയിട്ടത് 37000 രൂപ; വരുംദിവസങ്ങളിലും സർവീസ് നടത്തുമെന്ന് ഉടമ
കൊച്ചി: റോബിൻ ബസിന് തുടർച്ചയായി പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇന്ന് 37500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് ബസിന് പിഴയിട്ടത്.
മോട്ടോർവാഹന വകുപ്പ് പിഴയിട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിലും കോയമ്പത്തൂർ സർവീസ് നടത്തുമെന്ന് ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞു. കോടതി പറയും വരെ സർവീസ് തുടരുമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ ബസ്സാണ് റോബിൻ. ഇന്ന് തുടർച്ചയായാണ് ബസിന് പിഴയിട്ടത്. നാല് തവണയാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയത്. യാത്ര തുടങ്ങി 200 മീറ്ററിനകം ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യത്തെ തടയൽ.

പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയാണ് എം വി ഡി പിഴയിട്ടത്. പാല എത്തുന്നതിന് മുമ്പായിരുന്നു രണ്ടാമത്തെ പരിശോധന. അങ്കമാലിയിൽ വെച്ച് വീണ്ടും തടഞ്ഞു. അപ്പോഴേക്കും ജനങ്ങൾ എം വി ഡിക്കെതിരെ തിരിഞ്ഞു. എം വിഡിക്ക് നേരെ കൂക്കി വിളിച്ചു.
പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോൾ വീണ്ടും എം വി ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബസ് പിടിച്ചെടുക്കരുത് എന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എം വി ഡി വിട്ടയച്ച ബസ് കോയമ്പത്തൂർ സർവീസ് നടത്തി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഇന്ത്യയിൽ എവിടെയും സാധാരണ ബസിനെ പോലെ ആളെ കയറ്റി ഓടാം എന്നാണ് ബസ് ഉടമ മുന്നോട്ട് വെയ്ക്കുന്ന വാദം
അതേസമയം, റോബിൻ ബസ് ഉടമയുടെ വാദം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി. റോബിൻ ബസ് ഉടമ നടത്തുന്നത് നിയമലംഘനമാണെന്നും നിയമം ആര് ലംഘിച്ചാലും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കോൺട്രാക്റ്റ് കാരിയേജ് ബസ്സിന്റെ അവകാശവാദങ്ങൾ കോൺട്രാക്റ്റ് കാരിയേജ് ബസ്സിനും സ്റ്റേറ്റ് ക്യാരേജ് ബസ്സിന്റെ അവകാശങ്ങൾ സ്റ്റേജ് കാരിയേജിനുമുണ്ട്.
ബോർഡും വെച്ച് ഓരോ സ്റ്റോപ്പിലും നിർത്തി ആളെയും കയറ്റി ഇറക്കിക്കൊണ്ടു പോകാനുള്ള അവകാശമൊന്നും കോൺട്രാക്റ്റ് കാരിയേജ് ബസ്സിനില്ല. അവർക്കുള്ള അവകാശം ഒരു മേഖലയിൽ നിന്ന് എടുത്ത് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ളത് മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ സീറ്റുകൾ ബുക്ക് ചെയ്ത് ഗ്രൂപ്പായിട്ടോ ബൾക്കായിട്ടോ പോകാനേ അവകാശം ഉള്ളു. അല്ലാതെ ഓരോ സ്റ്റോപ്പിലും നിർത്തി ആളുകളെ കയറ്റി ഇറക്കിയാൽ പിന്നെ ഇതും രണ്ട് സംബന്ധിച്ചി എന്ത് വ്യത്യാസമാണ് ഉള്ളത്. സർക്കാരിനെ വെല്ലുവിളിച്ച് അതിനെയൊക്കെ നേരിടുമെന്ന് ഒരാൾ പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications