'ബിഗ് ബോസിൽ തന്ന വോട്ട് തരില്ല, ചാണകത്തിൽ ചവിട്ടല്ലേയെന്ന് ഫാൻസ്', റോബിൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി?
മലയാളം ബിഗ് ബോസ് സീസണ്‍ 4ലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ റോബിന്‍ കൊല്ലത്ത് നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ ഇത് സംബന്ധിച്ചുളള സൂചനകള്‍ റോബിന്‍ രാധാകൃഷ്ണന്‍ പങ്കുവെച്ചിട്ടുണ്ട്.
മറ്റൊരു ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൊട്ടാരക്കരയില്‍ നിന്ന് മത്സരിക്കാനുളള സാധ്യതയുണ്ട്. അതിന് പിന്നാലെയാണ് റോബിന്‍ രാധാകൃഷ്ണനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായുളള വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുളള ഫോട്ടോ റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള അഭ്യൂഹങ്ങള്‍ പരന്നത്. തൊട്ട് പിന്നാലെ ആര്‍എസ്എസ് തിരുവനന്തപുരം എന്ന ഇന്‍സ്റ്റഗ്രാം പേജ് തന്നെ പിന്തുണച്ച് കൊണ്ടിട്ട പോസ്റ്റ് റോബിന്‍ സ്‌റ്റോറിയായി ഷെയര്‍ ചെയ്തു.

മാത്രമല്ല റോബിന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്നുളള മാധ്യമവാര്‍ത്തകളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റോബിന്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളല്ലെന്ന നിഗമനത്തിലാണ് ബിഗ് ബോസ് താരത്തിന്റെ ആരാധകര്‍. അഖില്‍ മാരാര്‍ തന്റെ രാഷ്ട്രീയപക്ഷം പരസ്യമാക്കിയിട്ടുളള ആളാണെങ്കിലും റോബിന്‍ രാധാകൃഷ്ണന്‍ ഇതുവരെ തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിരുന്നില്ല.
അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ പലരും അമ്പരപ്പിലാണ്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ മച്ചാന്‍ എന്ന പേരില്‍ റോബിന്‍ രാധാകൃഷ്ണന്‍ പ്രശസ്തനാണ്. ബിഗ് ബോസ് സീസണ്‍ 4ല്‍ മത്സരാര്‍ത്ഥിയായിരുന്ന റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഷോയില്‍ നിന്നും റോബിനെ പുറത്താക്കുകയായിരുന്നു. പുറത്തിറങ്ങിയ ശേഷവും റോബിന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ തന്നെ ആഘോഷിക്കപ്പെട്ടു. റോബിന്റെ ഈ ആരാധകശക്തി വോട്ടാക്കി മാറ്റാനാകും എന്നുളള പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം റോബിന്റെ ആരാധകർ ഈ നീക്കത്തിന് എതിരെ പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. നിങ്ങളോട് ഒരിഷ്ടം ഉണ്ടെന്നും ബിജെപിക്കൊപ്പം ചേർന്ന് അത് കളയരുത് എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. ചാണകത്തിൽ ചവിട്ടരുത് അറിയാതെ പോലും എന്നും ഇതോടെ അൺഫോളോ ചെയ്യുകയാണ് എന്നും കമന്റുകളുണ്ട്. ''ഞങ്ങൾക്കിവിടെ ജീവിക്കണം അതുകൊണ്ട് തത്കാലം ബിഗ്ഗ്‌ബോസ്സിൽ താങ്കൾക്ക് വോട്ട് ചെയ്ത പോലെ ഇവിടുന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. ..കിട്ടില്ല'' എന്നാണ് മറ്റൊരു കമന്റ്.
കേരളത്തിന് പുറത്തുളള സംസ്ഥാനങ്ങളില്‍ സിനിമാ താരങ്ങളെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും അടക്കമുളളവരെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കി പരീക്ഷിച്ചിട്ടുളളതാണ്. യുവാക്കളുടെ വോട്ടാണ് ഈ നീക്കത്തിലൂടെ ബിജെപിയുടെ ഉന്നം.
കേരളത്തില്‍ സിനിമാ താരമായ സുരേഷ് ഗോപിയെ ഇറക്കി തൃശൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപിക്ക് സാധിച്ചു. അത് പോലെ യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് കേരളത്തിലും ബിജെപി പരീക്ഷിക്കാന്‍ സാധ്യത ഏറെയാണ്. സിനിമാ താരമായ ഉണ്ണി മുകുന്ദനെ പാലക്കാട് മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല സിനിമാ താരം ജയറാമിനേയും ബിജെപി പരിഗണിക്കുന്നതായാണ് സൂചന.












Click it and Unblock the Notifications