പ്രളയം ബാക്കി വെച്ച അത്ഭുത കാഴ്ച.. മുതിരപ്പുഴയിൽ പ്രത്യക്ഷപ്പെട്ട 'ദൈവത്തിന്റെ കൈ'
കൊച്ചി: കേരളം ഇന്നേ വരെ കാണാത്ത, അനുഭവിച്ചിട്ടില്ലാത്ത അതിഭീകരമായ ഒരു വെള്ളപ്പൊക്ക കാലമാണ് കടന്ന് പോയത്. അതിജീവിക്കാന്‍ ഒരുപക്ഷേ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കും ഈ നാടിന്. എന്നാല്‍ അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.
ഈ മഹാപ്രളയം ഒട്ടേറെ ഭീകര കാഴ്ചകളാണ് കേരളത്തിന് കാട്ടിത്തന്നത്. അത് മാത്രമല്ല മനുഷ്യത്വത്തിന്റെയും നന്മയുടേയും പല കാഴ്ചകളുമുണ്ട്. ഒപ്പം ചില കൗതുക കാഴ്ചകള്‍ കൂടി പ്രളയം ബാക്കി വെയ്ക്കുന്നു.

ദൈവ കോപമാണത്രേ കാരണം
കേരളത്തെ വിഴുങ്ങിയ പ്രളയം ദൈവകോപമാണ് എന്നാണ് ചില സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചാരണം. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് കൊണ്ട് അയ്യപ്പ കോപമുണ്ടായത് കൊണ്ടാണ് കേരളത്തിന് നാശമുണ്ടായെന്ന് കേരളത്തിലേയും നോര്‍ത്ത് ഇന്ത്യയിലേയും ചില സംഘികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ദൈവകോപം ഉണ്ടായാലും ഇല്ലെങ്കിലും ദൈവത്തിന്റെ കൈ ഉണ്ട്.

ദൈവത്തിന്റെ കൈ
പ്രളയം സമ്മാനിച്ച ദൈവത്തിന്റെ കൈ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ കൗതുക ചര്‍ച്ചയായിരിക്കുന്നത്. മുതിരപ്പുഴയിലാണ് ഈ ദൈവത്തിന്റെ കൈ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊച്ചി-ധനുഷ്‌കോടി ബൈപ്പാസ് പാലത്തിന് സമീപത്താണ് പുഴയില്‍ കൈ ആകൃതി തെളിഞ്ഞിരിക്കുന്നത്.

നാല് വിരലുകൾ മാത്രം
തള്ളവിരല്‍ ഉള്ളിലേക്ക് പിടിച്ച് നാല് വിരലുകളും കൈപ്പത്തിയും കാണുന്ന രൂപത്തിലാണ് വെള്ളത്തില്‍ പാറ രൂപം കൊണ്ടിരിക്കുന്നത്. കണ്ട ഉടനെ നാട്ടുകാര്‍ പാറയ്ക്ക് പേരുമിട്ടു. 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഇതിഹാസം മറഡോണ നേടിയ ഗോളിനിട്ട അതേ പേര് തന്നെ. ദൈവത്തിന്റെ കൈ.

അന്തം വിട്ട് നാട്ടുകാർ
ഈ പാറയെക്കുറിച്ച് നാട്ടുകാര്‍ തന്നെ പല അഭിപ്രായങ്ങളും പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. പ്രളയത്തി മൂന്നാറിനെ കാത്തത് ദൈവം ആണെന്നും അതിന്റെ അടയാളമാണ് വെള്ളത്തില്‍ തെളിഞ്ഞ കൈ എന്നുമാണ് ഒരു കൂട്ടരുടെ അഭിപ്രായം. എന്നാല്‍ മറ്റു ചിലര്‍ പറയുനന്ത് വെള്ളത്തിന് അടിയില്‍ ഉണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപമാറ്റം സംഭവിച്ച് കൈ ആകൃതി ആയതാണ് എന്നാണ്.

കാണികളുടെ ഒഴുക്ക്
സംഭവം എന്ത് തന്നെ ആയാലും ഈ ദൈവത്തിന്റെ കൈ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് മാത്രമല്ല മുതിരപ്പുഴയിലെ ഈ അത്ഭുതം കാണാന്‍ നിരവധി പേരാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്. സഞ്ചാരികള്‍ക്ക് പ്രളയം ബാക്കി വെച്ച കൗതുകം നിറഞ്ഞ സമ്മാനമായിരിക്കുകയാണ് ദൈവത്തിന്റെ കൈ അടയാളം.












Click it and Unblock the Notifications