പരാജയമറിയാത്ത കാൽനൂറ്റാണ്ട്; ഇടുക്കിയിൽ എതിരാളിയെ കാത്ത് റോഷി അഗസ്റ്റിൻ, ആശയക്കുഴപ്പം മാറാതെ യുഡിഎഫ്
ഏറെക്കുറെ ഉറപ്പിച്ചിരുന്നതാണ്, ഇപ്പോൾ സ്ഥിരീകരണവുമായി. ഇടുക്കി നിയമസഭ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ മന്ത്രി റോഷി അഗസ്റ്റിൻ തന്നെ സ്ഥാനാർഥിയാകുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി സ്ഥിരീകരിച്ചപ്പോൾ അത് നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടിയായി. സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ റോഷി അഗസ്റ്റിൻ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 2001 മുതൽ കാൽനൂറ്റാണ്ടായി ഇടുക്കിയെ പ്രതിനിധീകരിക്കുന്നത് റോഷിയാണ്.
അതേസമയം, യുഡിഎഫിൽ ആര് മത്സരിക്കുമെന്നതിൽ ആശയക്കുഴപ്പം മാറിയിട്ടില്ല. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പാണ് കഴിഞ്ഞ വർഷം മത്സരിച്ചത്. ഇത്തവണയും സീറ്റ് തങ്ങൾക്കുതന്നെ വേണമെന്ന് അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, പരാജയമറിയാതെ തുടരുന്നു റോഷിയെ തളക്കാൻ കൂടുതൽ ശക്തനായ സ്ഥാനാർഥി വേണമെന്ന വാദമുയർത്തി സീറ്റ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പൊതുവേയും ഇടുക്കി മണ്ഡലത്തിൽ പ്രത്യേകിച്ചും യു.ഡി.എഫ് മുന്നേറ്റമായിരുന്നു. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ ഈ വിജയം ആവർത്തിക്കാൻ കഴിയുമെന്നാണ് നേതാക്കൾ പറയുന്നത്. സീറ്റ് ജോസഫ് ഗ്രൂപ്പിനാണെങ്കിൽ പ്രഫ. എം.ജെ. ജേക്കബോ നോബിൾ ജോസഫോ ആയിരിക്കും സ്ഥാനാർഥികളെന്നാണ് വിവരം. കോൺഗ്രസിനാണെങ്കിൽ ജോയി വെട്ടിക്കുഴിയുടെ പേരിനാണ് മുൻതൂക്കം.

സിറ്റിങ് എംഎല്‍എമാരില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോയെന്ന ആലോചന പാർട്ടിയിൽ ഉണ്ടായെന്ന് ജോസ് കെ. മാണി പറഞ്ഞു. 'റോഷിയോട് ഇടുക്കിയില്‍ തന്നെ തുടരണമെന്ന് പറഞ്ഞപ്പോള്‍ താന്‍ മരിക്കുകയാണെങ്കില്‍ പോലും അത് ഇടുക്കിയില്‍ ആയിരിക്കും. ഇടുക്കിയിലെ ജനങ്ങളെ വിട്ടിട്ട് എനിക്ക് എങ്ങോട്ടും പോകാന്‍ കഴിയില്ല എന്നായിരുന്നു മറുപടി. ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് പരിമിതിയുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിയെ എനിക്ക് നിശ്ചയിക്കാന്‍ കഴിയും. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി റോഷി അഗസ്റ്റിന്‍ മത്സരിക്കും'- ജോസ് കെ. മാണി പറഞ്ഞു.
കർഷകരും കുടിയേറ്റക്കാരും വിധിനിർണയിക്കുന്ന ഇടുക്കി മണ്ഡലം രൂപം കൊണ്ട കാലം മുതൽ യുഡിഎഫിനാണ് മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ, മണ്ണിനെ പൊന്നാക്കുന്ന, കർഷകന്റെ വിയർപ്പുവീണു കുതിർന്ന ഇടുക്കിയുടെ മണ്ണ് മാറിമറിഞ്ഞ രാഷ്ട്രീയ സമവാക്യത്തിൽ രണ്ടുതവണ മാത്രം ഇടത്തോട്ടും ചരിഞ്ഞു. നാലുതവണ യുഡിഎഫിൽനിന്നും ഒരു തവണ എൽഡിഎഫിൽനിന്നും തുടർച്ചയായി ജയിച്ച റോഷി ആഗസ്റ്റിൻ ആറാം അങ്കത്തിനായാണ് കച്ചമുറുക്കുന്നത്.
2001 മുതൽ റോഷി അഗസ്റ്റിൻ യുഗം
മണ്ഡല രൂപവത്കരണത്തിന് ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനായിരുന്നു വിജയം. തുടർന്ന് 1980ൽ കോൺഗ്രസിലെ ജോസ് കുറ്റിയാനി സിറ്റിങ് എംഎൽഎയായിരുന്ന വി.ടി. സെബാസ്റ്റ്യനെ 4529 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1982ലും കുറ്റിയാനി വിജയം ആവർത്തിച്ചു. കോൺഗ്രസ് (എസ്)ലെ പി.പി. സുലൈമാൻ റാവുത്തറെ 4368 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1987ൽ തെരഞ്ഞെടുപ്പു നടക്കുമ്പോൾ തങ്കമണി സംഭവത്തെ തുടർന്ന് കെ. കരുണാകരൻ മന്ത്രിസഭക്കെതിരെ പ്രക്ഷോഭം ആളിക്കത്തുകയായിരുന്നു. തങ്കമണി ഉൾപ്പെടുന്ന മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് രാഷ്ടീയ നിരീക്ഷകർ വരെ വിധിയെഴുതി. എന്നാൽ, 1570 വോട്ടുകൾക്ക് കോൺഗ്രസിലെ റോസമ്മ ചാക്കോ വിജയിച്ചു.
മുന്നണി സീറ്റു നൽകാത്തതിനാൽ സ്വതന്ത്രനായി മത്സരിച്ച സുലൈമാൻ റാവുത്തർ രണ്ടാം സ്ഥാനത്തെത്തി. എൽഡിഎഫ് സ്ഥാനാർഥി മേരിസിറിയക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1991ൽ കേരള കോൺഗ്രസ് (എം)ലെ മാത്യു സ്റ്റീഫൻ വിജയിയായി. 1996ലെ തെരഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർഥിയായി ഇടത് ബാനറിൽ മത്സരിച്ച സുലൈമാൻ റാവുത്തർ മണ്ഡലം സ്വന്തമാക്കി. കേരള കോൺഗ്രസ് (എം)ലെ ജോയി വെട്ടിക്കുഴിയെ 6413 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
2001 മുതൽ റോഷി അഗസ്റ്റിന്റെ കാലം ആരംഭിച്ചു. തുടർന്ന് 2006, 2011, 2016ലെ തെരഞ്ഞെടുപ്പുകളിലും റോഷി വിജയം ആവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5573 വോട്ടുകൾക്കാണ് എതിർസ്ഥാനാർഥിയായിരുന്ന കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജിനെ റോഷി പരാജയപ്പെടുത്തിയത്. പാർട്ടി ലീഡറായ ജോസ് കെ. മാണി പാലായിൽ പരാജയപ്പെട്ടതോടെ പാർട്ടി പ്രതിനിധിയായി റോഷി പിണറായി മന്ത്രിസഭയിൽ ഇടം പിടിക്കുകയും ചെയ്തു.
ഗതാഗത-ജലസേചന-കുടിവെള്ള സൗകര്യങ്ങൾ വർധിപ്പിച്ചതാണ് എൽ.ഡി.എഫ് ഭരണനേട്ടമായി പ്രധാനമായും ഇടുക്കിയിൽ ഉയർത്തിക്കാട്ടുന്നത്. ജൽ ജീവൻ പദ്ധതി- 111.85 കോടി, മുരിക്കാശേരി കീരിത്തോട് റോഡ്- 3 കോടി, വാത്തിക്കുടി വില്ലേജ് ഓഫിസ് സ്മാർട്ടാക്കിയത്, മുരിക്കാശേരിയിൽ നഴ്സിങ് കോളജ്, മുരിക്കാശേരി ബൈപാസ് റോഡ്- ഒരു കോടി, മുരിക്കാശേരി ബഥേൽ മേലെ ചിന്നാർ റോഡ്- 3.40 കോടി, പതിനാറാംകണ്ടം-പ്രകാശ് റോഡ്, ഗ്രാമീണ റോഡുകൾക്കായി 4.41 കോടി, ഇറിഗേഷൻ പ്രവൃത്തികൾക്കായി 2.13 കോടി, പതിനാറാംകണ്ടം സ്കൂൾ കെട്ടിട നിർമാണം- 2 കോടി, ചെക്ക്ഡാം മേലെ ചിന്നാർ- 4.88 കോടി തുടങ്ങിയവയൊക്കെ നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നു.
ഉദ്ഘാടന മാമാങ്കങ്ങളല്ലാതെ കാര്യമായ വികസന നേട്ടങ്ങൾ മണ്ഡലത്തിലില്ലെന്നാണ് യു.ഡി.എഫ് വാദം. ജില്ലയിലെയും മണ്ഡലത്തിലേയും പ്രശ്നങ്ങൾ സങ്കീർണമാക്കിയെന്നും അവർ ആരോപിക്കുന്നു. പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതും വന്യമൃഗശല്യം തുടർക്കഥയായതും ഉയർത്തിക്കാട്ടുന്നുമുണ്ട്. മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യമായില്ലെന്നും ഇവിടുത്തെ കെട്ടിടം പണികൾ ഇഴയുകയാണെന്നും ആരോപണമുണ്ട്. നിർമാണ നിരോധനം തുടരുന്നു, 10 ചെയിൻകാരുടെ പട്ടയം തീരുമാനമായില്ല, പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയിട്ടും ചെറുതോണിയിലെ കംഫർട്ട് സ്‌റ്റേഷനും വെയിറ്റിങ് ഷെഡും തുറന്നില്ല, പെരിഞ്ചാംകുട്ടിയിൽനിന്നും കുടിയിറക്കിയ ആദിവാസികൾക്ക് ഇനിയും സ്ഥലവും വീടും നൽകിയിട്ടില്ല തുടങ്ങിയ കോട്ടങ്ങളും പ്രതിപക്ഷം പ്രചരണായുധമാക്കുന്നുണ്ട്.












Click it and Unblock the Notifications