സാധാരണ കർഷക കുടുംബത്തില്‍ ജനനം, തകർന്ന ആദ്യ സംരഭം; ഇന്ന് ആസ്തി 26000 കോടിയിലേറെ: രവി പിള്ളക്ക് ആദരം
സാധാരണ കർഷക കുടുംബത്തില്‍ ജനിച്ച് കഠിന പ്രയത്നത്തിലൂടെ വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് രവി പിള്ള. ലോണെടുത്ത് തുടങ്ങിയ ആദ്യ ചിട്ടിക്കമ്പനി വന്‍ പരാജയമായപ്പോള്‍ 1978 ൽ സൗദി അറേബ്യയിലേക്ക് നടത്തിയ യാത്രയാണ് രവി പിള്ളയുടെ ബിസിനസ് യാത്രയില്‍ നിർണ്ണായകമായത്. അവിടെ 150 പേർ അംഗങ്ങളായുള്ള കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയ ആർ പി ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നത് 70000 നിർമാണ തൊഴിലാളികളാണ്.
അടുത്തിടെ ബഹ്‌റൈൻ രാജാവ് പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസിയും (ഫസ്റ്റ് ക്ലാസ്) രവി പിള്ളയ്ക്ക് ലഭിച്ചിരുന്നു. ദീര്‍ഘകാലത്തെ സമര്‍പ്പിത പ്രയത്നത്തിന്റെ ഫലമായാണ് രവി പിള്ള ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതെന്നാണ് രവി പിള്ളയെ ആദരിക്കാനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

വിദേശത്ത് മലയാളികള്‍ക്ക് ലഭിക്കുന്ന പരിഗണനയ്ക്കു പിന്നില്‍ ദീര്‍ഘകാലം വിശ്വസ്തതയോടെ ആ നാടുകളെ സേവിച്ച ഡോ. ബി. രവി പിള്ളയെ പോലുള്ളവരുണ്ടാക്കിയ 'ഗുഡ് വില്‍' പ്രധാന സ്വാധീന ശക്തിയായിരുന്നിട്ടുണ്ട്. കേരള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നമ്മള്‍ വിഷമം അനുഭവിച്ചിട്ടുള്ള ഘട്ടങ്ങളിലെല്ലാം സഹായഹസ്തവുമായി ഓടിയെത്താന്‍ ഒരു മടിയും രവി പിള്ള കാണിച്ചിട്ടില്ല. ഇവിടം വ്യവസായ സൗഹൃദമല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ സ്ഥാപിത താത്പര്യക്കാര്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളപ്പോഴൊക്കെ അദ്ദേഹം സ്വന്തം അനുഭവം ഉദ്ധരിച്ചുകൊണ്ട് വസ്തുതകള്‍ മറിച്ചാണെന്ന് സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ പ്രവാസി സഹോദരങ്ങളെ കേരളവുമായി ഔദ്യോഗികമായി ബന്ധിപ്പിക്കുകയും അവരുടെ ആശയങ്ങളെ കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ലോക കേരളസഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ വലിയ സഹായമാണ് രവി പിള്ളയില്‍ നിന്നും ലഭിക്കുന്നത്. പൊതുവെ നമ്മള്‍ പ്രവാസിമലയാളികളെക്കുറിച്ച് പറയാറുള്ളത്, അവര്‍ കേരളത്തിന്റെ അംബാസിഡര്‍മാര്‍ ആണെന്നാണ്. കേരളത്തിന്റെ അംബാസിഡര്‍മാരുടെ മുന്‍നിരയിലാണ് രവി പിള്ളയുടെ സ്ഥാനം.
കാരണം, പ്രവാസിമലയാളിയായി നിലകൊള്ളുമ്പോള്‍തന്നെ നാട്ടിലെയും പ്രവാസലോകത്തെയും മലയാളികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്താന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് നോര്‍ക്കാ റൂട്സിന്റെ ഡയറക്ടറായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആ ചുമതല വഹിച്ചുകൊണ്ട് സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നല്‍കിവരുന്നത്. കുവൈറ്റ് ദുരന്തത്തിന്റെയും പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും ഒക്കെ ഘട്ടങ്ങളില്‍ ഈ നാട് അദ്ദേഹത്തിന്റെ കരുതല്‍സ്പര്‍ശം അറിഞ്ഞിട്ടുണ്ട്. കേരളത്തോട് അദ്ദേഹം കാണിക്കുന്ന കരുതലിന് ഈ നാട് എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
കൊല്ലം ചവറയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച രവി പിള്ള, ഇന്ന് ലോകമാകെ അറിയുന്ന ഒരു വ്യവസായ പ്രമുഖനായി വളര്‍ന്നത് ദീര്‍ഘകാലത്തെ സമര്‍പ്പിത പ്രയത്നത്തിന്റെ ഫലമായാണ്. വലിയ വളര്‍ച്ച കൈവരിച്ചപ്പോഴും ചുറ്റുമുള്ള മനുഷ്യരെയോ, സ്വന്തം നാടിനെയോ ഒന്നും അദ്ദേഹം മറന്നില്ല. മിഡില്‍ ഈസ്റ്റില്‍ ആധുനിക നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും ആ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് അടിത്തറ പാകുന്നതിലും വലിയൊരളവില്‍ പങ്കുവഹിക്കാന്‍ രവി പിള്ളയ്ക്കു കഴിഞ്ഞു. സത്യസന്ധവും വിശ്വസ്തവുമായ മാര്‍ഗങ്ങളിലൂടെ മലയാളികള്‍ വിദേശ രാജ്യങ്ങളിലെ വ്യവസായ പ്രമുഖരായി ഉയരുമ്പോള്‍, ആ രാജ്യങ്ങളിലുള്ള ഭരണാധികാരികള്‍ ഇന്ത്യക്കാരുടെ സത്യസന്ധതയും വിശ്വസ്തതയുമായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ പരിശ്രമശാലികളും ആത്മാര്‍ത്ഥതയുള്ളവരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരുമാണ് എന്ന സന്ദേശമാണ് രവി പിള്ളയെപ്പോലുള്ളവരുടെ ജീവിത വിജയത്തിലൂടെ വിദേശ ഭരണാധികാരികള്‍ക്കു ലഭിക്കുന്നത്. മലയാളിസമൂഹത്തിന്റെ പൊതുസ്വീകാര്യത വിദേശങ്ങളില്‍ വ്യാപിപ്പിക്കുന്ന 'ഗുഡ് വില്‍' അംബാസിഡര്‍മാര്‍ കൂടിയാണ് രവി പിള്ളയെപ്പോലുള്ളവര്‍.
രവി പിള്ളയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള ഗുഡ്വില്ലിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ബഹ്റൈന്‍ രാജാവ് അദ്ദേഹത്തിനു സമ്മാനിച്ച മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) എന്ന അവാര്‍ഡ്. ഇതാദ്യമായാണ് ഒരു വിദേശ വ്യവസായിക്ക് ഇത്തരത്തിലുള്ള ഒരു പുരസ്‌ക്കാരം ബഹ്റൈന്‍ നല്‍കുന്നത്. വ്യത്യസ്ത മേഖലകളില്‍ ബഹ്റൈന്റെ വികസനത്തിനു വേണ്ടി അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ് നല്‍കപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കോളർഷിപ്പ്
രവി പിള്ള അക്കാദമി 2075 വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി രവി പിള്ള അറിയിച്ചു. ഭാര്യ ഗീത, മക്കളായ ആരതി, ഗണേഷ് എന്നിവരും താനും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ 1500 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഇതിനായി ഓരോ വര്‍ഷവും 10.50 കോടി രൂപ നീക്കിവച്ചു.
സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഈ തുക ഓരോ വര്‍ഷവും ഓഗസ്തില്‍ നോര്‍ക്കയ്ക്ക് കൈമാറും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് സെപ്റ്റംബറില്‍ നോര്‍ക്ക തുക വിതരണം ചെയ്യും. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഇട പെടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications