75 കോടി രൂപയുടെ നിക്ഷേപ പദ്ധതി: ടാറ്റാ എൽക്സിയും കിൻഫ്രയും ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: കേരളത്തിലെ ഐടി ഗവേഷണ-വികസന പദ്ധതികൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകത്തെ പ്രമുഖ ഡിസൈൻ, ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എൽക്സിയും കിൻഫ്രയും ധാരണാപത്രം ഒപ്പിട്ടതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. 75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയാണ് ആദ്യഘട്ടത്തിൽ ടാറ്റ എൽക്സി ആവിഷ്കരിക്കുക. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിലവസരങ്ങൾ ടാറ്റ എൽക്സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കും. കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടാറ്റ എൽക്സിയുടെ പുതിയ സംരംഭം. ഐടി, ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി 67 കോടി രൂപ ചെലവഴിച്ച് കിൻഫ്ര പണികഴിപ്പിച്ച കെട്ടിടത്തിന് 2.17 ലക്ഷം ചതുരശ്രഅടി വിസ്തീർണമുണ്ട്.

ടാറ്റാ എൽക്സിയുടെ തുടർ ഗവേഷണ വികസന സൗകര്യങ്ങൾക്കായി രണ്ടുലക്ഷം ചതുരശ്ര അടിയുള്ള ഒരു കെട്ടിടം കൂടി ലഭ്യമാക്കണമെന്ന് കിൻഫ്രയോട് ടാറ്റാ എൽക്സി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമ്മിച്ച് ടാറ്റ എൽക്സിക്ക് കൈമാറുന്നതിനാണ് കിൻഫ്ര തീരുമാനമെന്നും മന്ത്രി പി രാജീവ് പ്രസ്താവനയിലൂടെ അറിയിച്ചു.












Click it and Unblock the Notifications