ആര്‍എസ്പി ഇനി യുപിഎയില്‍
തിരുവവന്തപുരം: ഇടതുമുന്നണിയുടെ രൂപീകരണം മുതല്‍ കൂടെുണ്ടായിരുന്ന റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍എസ്പി) ഇനിമുതല്‍ വലതു ചേരിയില്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കാമെന്നും ദേശീയ രാഷ്ട്രീയത്തില്‍ യുപിഎക്കൊപ്പം നില്‍ക്കാമെന്നും ആര്‍എസ്പി കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറപ്പ് കൊടുത്തു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വച്ച ഉപാധികളായിരുന്നു ഇവ. ഉപാധികളെല്ലാം ആര്‍എസ്പി അംഗീകരിച്ചു. തിങ്കളാഴ്ച നടക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷം ആര്‍എസ്പിയുടെ മുന്നണി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

അടുത്ത നിയമസഭാ സമ്മേളനം മുതല്‍ ആര്‍എസ്പിയുടെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫ് അംഗങ്ങളുടെ നിരയില്‍ ഇരിക്കും. പാര്‍ട്ടി പിളര്‍ത്തിപ്പോയ ഷിബു ബേബിജോണ്‍ വിഭാഗത്തെ മാതൃപാര്‍ട്ടിയില്‍ ലയിപ്പിക്കാനും ധാരണയാകും.
എന്നാല്‍ ദേശീയ തലത്തില്‍ ആര്‍എസ്പി ഇപ്പോഴും ഇടത് പാര്‍ട്ടികള്‍ക്കൊപ്പമാണ്. തിരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്‍ ജയിക്കുകയാണെങ്കില്‍ യുപിഎക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ടെങ്കിലും ആര്‍എസ്പി ദേശീയ നിലപാട് പ്രശ്‌നമാകാന്‍ ഇടയുണ്ട്. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണിയുടെ ഭാഗമായാണ് ആര്‍എസ്പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അവിടെ സീറ്റ് ലഭിച്ചാല്‍ വിപ്പ് അനുസരിച്ച് മാത്രമേ പ്രേമചന്ദ്രന് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.
ഈ വിഷയം കോണ്‍ഗ്രസും ആര്‍എസ്പിയും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ല. അല്ലാത്ത പക്ഷം പ്രേമചന്ദ്രന്റെ ആര്‍എസ്പി ഷിബു ബേബി ജോണിന്റെ ആര്‍എസ്പിയില്‍ ലയിക്കേണ്ടി വരും.












Click it and Unblock the Notifications