ഗാന്ധിജിയുടെ കാലത്ത് തുടങ്ങിയ അടി, മുഖ്യമന്ത്രി ചര്‍ച്ചയ്ക്കുള്ള നേരമായില്ല; കോണ്‍ഗ്രസിനോട് ആര്‍എസ്പി
ആലപ്പുഴ: കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തി. കോണ്‍ഗ്രസിനുള്ളില്‍ അനൈക്യത്തില്‍ തുറന്നടിച്ച് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ രംഗത്തെത്തി. കോണ്‍ഗ്രസിലെ അനൈക്യം യു ഡി എഫില്‍ അരോചകമായി മാറുകയാണ് എന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് പറയുന്നത് ശരിയല്ല എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
തീയില്ലാതെ പുകയുണ്ടാകില്ല എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫില്‍ ഇപ്പോള്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കുള്ള സാഹചര്യമില്ല എന്ന് വ്യക്തമാക്കിയ ഷിബു ബേബി ജോണ്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മഹാത്മാ ഗാന്ധിയുടെ കാലം മുതല്‍ക്കെ കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ട് എന്നും അദ്ദേഹം പരിഹസിച്ചു.

കോണ്‍ഗ്രസില്‍ തമ്മിലടി ഇല്ലാത്ത കാലമില്ലെന്നും അതൊരു പുതിയ കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമകാലിക രാഷ്ട്രീയ സാഹചര്യം നേതൃത്വം തിരിച്ചറിയണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മത-സാമുദായിക നേതാക്കള്‍ അവരുടെ പരിപാടികൡലേക്ക് ക്ഷണിക്കുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. ചെന്നിത്തലയെ മത-സാമുദായിക പരിപാടികള്‍ ക്ഷണിക്കുന്നത് നല്ല കാര്യമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങള്‍ ചെന്നിത്തല തുടങ്ങിയിരുന്നു. എന്‍ എസ് എസ്, എസ് എന്‍ ഡി പി, സമസ്ത തുടങ്ങിയ സാമുദായിക സംഘടനകളുടെ പരിപാടിയില്‍ ചെന്നിത്തലയ്ക്ക് ക്ഷണവുമുണ്ടായിരുന്നു. ഇത് കൂടാതെ മുസ്ലീം ലീഗിന്റെ പിന്തുണ ലക്ഷ്യമിട്ട് ലീഗ് നേതാക്കളുമായും ചെന്നിത്തല കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായത്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ നീക്കം നടത്തിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുധാകരനും സതീശനും തമ്മിലുള്ള അധികാര വടംവലി ശക്തമാണ്. ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് പോലും ഇത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
അതിനിടെയാണ് കഴിഞ്ഞ ആഴ്ച രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെയ്ക്കുകയും സംയുക്ത പത്രസമ്മേളനം നടത്താന്‍ ഇരുവരും തയ്യാറാകാതിരുന്നതും. ഇതിന് പിന്നാലെയാണ് സുധാകരനെതിരായ കരുനീക്കങ്ങളും ആരംഭിച്ചത്. എന്നാല്‍ ഇതില്‍ അതൃപ്തി അറിയിച്ച് സുധാകരന്‍ രംഗത്തെത്തിയതോടെ നേതൃമാറ്റ ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications