ആർഎസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ ഇരുവശം: എംവി ജയരാജന്‍
കണ്ണൂർ: ആർ എസ് എസും എസ് ഡി പിഐയും ഒരു നാണയത്തിന്റെ ഇരുവശമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പാലക്കാട് കൊലപാതകങ്ങൾ ആലപ്പുഴ പോലെ നാട്ടിലാകെ വർഗീയ കലാപം സൃഷ്ടിക്കാൻ ഇരു വർഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഇരു വർഗീയ ശക്തികൾക്കും എതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. വർഗീയ പ്രചാരണവേലയിൽ കുടുങ്ങിപ്പോകാതെ മതനിരപേക്ഷതയും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ആർഎസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ ഇരുവശം. വർഗീയ ഭ്രാന്ത് മാത്രം കുലത്തൊഴിലാക്കിയവർ.
പാലക്കാട് കൊലപാതകങ്ങൾ ആലപ്പുഴ പോലെ നാട്ടിലാകെ വർഗീയ കലാപം സൃഷ്ടിക്കാൻ ഇരു വർഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെടുന്നത് ആർഎസ്എസിനെ നിരോധിക്കണമെന്ന് പറയുന്നുമില്ല. എസ്ഡിപിഐയെ നിരോധിക്കണമെന്ന് വാദിക്കുന്ന ബിജെപി നേതാവ് സ്വയം പല്ലിൽ കുത്തി നാറ്റിക്കുകയാണ് ചെയ്യുന്നത് .

അദ്ദേഹത്തിന്റെ വാദം ജനാധിപത്യ വിരുദ്ധതയും മുസ്ലിം വിരുദ്ധതയും സിരകളിൽ ഒഴുകുന്നത് കൊണ്ടാണ്. പിതാവിനൊപ്പം യാത്രചെയ്യുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകനെ കാറിടിച്ച് കുത്തി നുറുക്കി കൊലപ്പെടുത്തി സംഘർഷത്തിനു തുടക്കം കുറിച്ചത് ആർഎസ്എസ് ആണ്. ഇരുപത്തിനാല് മണിക്കൂറിനകം പകൽ സമയം തന്നെ എസ് ഡി പി ഐ പകരംവീട്ടി. ഒരു ആർഎസ്എസുകാരനെ സ്വന്തം സ്ഥാപനത്തിന്റെ മുന്നിൽവച്ച് കുത്തി നുറുക്കി എസ് ഡി പി ഐ ആർഎസ്എസിന്റെ അതെ വികാരമാണ് ഉയർത്തിപ്പിടിച്ചത്. ഒരു നാണയത്തിന്റെ ഇരുവശം ആണ് ഇരു വർഗീയ ശക്തികളുമെന്ന് ഇതിനകം തെളിഞ്ഞതാണ്.
നിരോധനം പരിഹാരമാർഗ്ഗമല്ല. ഗാന്ധി വധത്തിനു ശേഷം ആർഎസ്എസിനെ നിരോധിച്ചിരുന്നു. അവർ കൊലപാതകവും വർഗീയകലാപങ്ങളും ന്യൂനപക്ഷ വേട്ടയും അതുകൊണ്ടൊന്നും അവസാനിപ്പിച്ചിട്ടില്ല. എസ്ഡിപിഐയുടെ പൂർവ്വ സംഘടനയായ എൻഡിഎഫ്, പരിശീലിപ്പിചതിനുശേഷം ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് അയക്കുന്ന ഭീകരസംഘടനയായും നിരവധി തവണ നിരോധിച്ചിട്ടുണ്ട്. ഇരുകൂട്ടരുടെയും സിരകളിൽ ഒഴുകുന്നത് വർഗീയ ഭ്രാന്താണ്. നിരോധനമല്ല വേണ്ടത്. ആ ഭ്രാന്താണ് മാറ്റേണ്ടത്. എസ്ഡിപിഐ ക്കാരനെ കൊല്ലുമ്പോൾ പോലും പോലീസിനെ കുറ്റം പറയാത്തവർ സ്വന്തം പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ മുറവിളി കൂട്ടുന്നത് ജനങ്ങൾ തിരിച്ചറിയും. ഇരു വർഗീയ ശക്തികൾക്കും എതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. വർഗീയ പ്രചാരണവേലയിൽ കുടുങ്ങിപ്പോകാതെ മതനിരപേക്ഷതയും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കണം












Click it and Unblock the Notifications