കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസും കോണ്‍ഗ്രസും സര്‍ക്കാരിന്റെ ജനപ്രിയതയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; തുറന്നടിച്ച് തോമസ് ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച സംഘടനയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്. Our independent Organisation of People എന്ന സംഘടനയ്‌ക്കെതിരെയാണ് തോമസ് ഐസക്ക് ഇപ്പോള്‍ രംഗത്തെത്തിയത്. ഈ സംഘടനുടെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ നേരത്തെതന്നെ പുറത്തുവന്നിട്ടുള്ളതാണെന്ന് തോമസ് ഐസക്ക് പറയുന്നു.

kerala

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശമ്പളവും പെന്‍ഷനും രാജ്യത്ത് എവിടെയും പരിഷ്‌കരിക്കുന്നില്ലായെന്നും 50 മാസത്തിനുള്ളില്‍ത്തന്നെ രണ്ടാമതൊരു പരിഷ്‌കരണം അസംബന്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. പിസി ജോര്‍ജ് നിയമസഭയില്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ ധനമന്ത്രി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക്കിന്റെ വിശദീകരണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ശമ്പള പരിഷ്‌കരണ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങി. ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ ഏപ്രില്‍ ഒന്ന് മുതല്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പള നിരക്കുകള്‍ ലഭ്യമായിത്തുടങ്ങും. പെന്‍ഷന്‍ പരിഷ്‌കരത്തിനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. പുതുക്കിയ ശമ്പളത്തിനും പെന്‍ഷനും 2019 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

ഇത് ഇപ്പോള്‍ പറയാന്‍ ഒരു പ്രത്യേക കാരണമുണ്ട്. ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. Our independent Organisation of People എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഈ സംഘടനുടെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ നേരത്തെതന്നെ പുറത്തുവന്നിട്ടുള്ളതാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശമ്പളവും പെന്‍ഷനും രാജ്യത്ത് എവിടെയും പരിഷ്‌കരിക്കുന്നില്ലായെന്നും 50 മാസത്തിനുള്ളില്‍ത്തന്നെ രണ്ടാമതൊരു പരിഷ്‌കരണം അസംബന്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. കേസ് അതിന്റെ വഴിക്ക് നീങ്ങട്ടെ. ഇത് കണ്ടപ്പോള്‍ നിയമസഭയില്‍ പി.സി. ജോര്‍ജ്ജ് ഉന്നയിച്ച കാര്യങ്ങളും ഓര്‍മ്മയില്‍ വന്നു.

വരുമാനത്തിന്റെ 44 ശതമാനം ശമ്പളവും 24 ശതമാനം പെന്‍ഷനും 18 ശതമാനം പലിശയുമാണ് ഇപ്പോള്‍ തന്നെ കൊടുക്കുന്നത്. ഇനിയിത് വര്‍ദ്ധിപ്പിക്കുന്നതു ശരിയല്ല. ഇതായിരുന്നു പി.സി.ജോര്‍ജ്ജിന്റെ വാദത്തിന്റെ ചുരുക്കം. രണ്ട് കാര്യങ്ങള്‍ പ്രസക്തമാണ്. ശമ്പള ചെലവിന്റെ ഏതാണ്ട് പാതിയോളം അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ളതാണ്. പൊതു ജനാരോഗ്യത്തിലും പൊതു വിദ്യാഭ്യാസത്തിലും കേരളത്തിന്റെ മുതല്‍മുടക്കും ചെലവുമാണ് കേരളത്തിന്റെ മേന്മയ്ക്ക് ഒരു പരിധിവരെ ആധാരം. വാസ്തവത്തില്‍ ഇത് വികസന ചെലവാണ്. ഇത് അനാവശ്യമാണെന്ന വാദക്കാര്‍ അറിഞ്ഞോ അറിയാതെയോ പിന്‍പറ്റുന്ന ഒരു സമീപനമുണ്ട്. ഇപ്പോള്‍ കേരളത്തില്‍ കോവിഡ് രോഗികളായവര്‍ 99 ശതമാനവും സര്‍ക്കാര്‍ സംവിധാനത്തെയാണ് ചികിത്സയ്ക്കായി ആശ്രയിച്ചത്.

ഔട്ട് പേഷ്യന്റ് ചികിത്സ തേടുന്നവരുടെ ഏതാണ്ട് 48 ശതമാനമായിരുന്നു നേരത്തെ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നത്. ഇന്ന് അത് ബഹുഭൂരിപക്ഷമായി മാറി. കേരളത്തിലെ ആരോഗ്യരക്ഷാ മേഖലയില്‍ നാലായിരത്തിലധികം പുതിയ തസ്തികകളാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഇതിന് എന്താണ് കാരണം? ഈ ചെലവുകള്‍ അനാവശ്യച്ചെലവുകളായി ഇടതുപക്ഷ സര്‍ക്കാര്‍ കാണുന്നില്ല. ശമ്പള-പെന്‍ഷന്‍ ചെലവുകള്‍ ഗണ്യമായതാണെന്നത് ശരിതന്നെ. പക്ഷെ, അനാവശ്യ ചെലവ് അല്ല.

ആകെ റവന്യു വരുമാനത്തിന്റെ 34.08 ശതമാനമായിരുന്നു 2015-16ലെ ശമ്പള ചെലവ്. ആകെ സര്‍ക്കാര്‍ ചെലവിന്റെ 27.29 ശതമാനവും. ഇത് വരും വര്‍ഷം യഥാക്രമം 31.04 ശതമാനവും 25.24 ശതമാനവുമായി മാറും. പരിഷ്‌കരണത്തിനുള്ള ചെലവുകൂടി വകയിരുത്തിയതിനുശേഷമുള്ള കണക്കാണ് ഇത്. പറഞ്ഞത് എന്താണെന്നുവച്ചാല്‍ സംസ്ഥാനത്തിന്റെ ദീര്‍ഘകാല ധനസുസ്ഥിരത സൂക്ഷ്മായി വിലയിരുത്തി ഉത്തരവാദിത്വത്തോടെയാണ് ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ നടത്തുന്നത്. പരിഷ്‌കരണമേ വേണ്ടായെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.

എക്‌സ്‌പെന്‍ഡീച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുസംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സാലറി, പെന്‍ഷന്‍, പലിശ ചെലവുകള്‍ പ്രതിവര്‍ഷം 5-10 ശതമാനത്തിനു മുകളില്‍ വര്‍ദ്ധിക്കാന്‍ പാടില്ലായെന്നാണ് അവരുടെ നിലപാട്. ഇത് എല്ലാം കണക്കിലെടുത്തുകൊണ്ടാണ് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളത്.

ഈ പ്രശ്‌നത്തിന് മറ്റൊരു മുഖമുണ്ട്. പ്രതിപക്ഷ അനുകൂല സര്‍വ്വീസ് സംഘടനകള്‍ ശമ്പളപരിഷ്‌കരണം കളിപ്പിക്കലാണ് എന്നുപറഞ്ഞ് ഫെബ്രുവരി 10ന് നടത്തിയ പണിമുടക്ക് സമരം നടത്തി. പരിഷ്‌കരണം പോരായെന്നതായിരുന്നു കോലാഹലത്തിന് അടിസ്ഥാനം. സമരം ആഹ്വാനം ചെയ്ത സംഘടനകള്‍ ചില്ലറക്കാരാണെന്ന അഭിപ്രായം എനിക്ക് ഇല്ല. ജീവനക്കാര്‍ക്കിടയില്‍ സാമാന്യം ഭേദപ്പെട്ട സ്വാധീനം ഉണ്ടെന്ന് അവകാശപ്പെടുന്നവരാണ് അവര്‍. അതില്‍ കുറച്ചൊക്കെ ശരിയുണ്ടുതാനും. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ളവരാണ് അവര്‍. പക്ഷെ, കേരളത്തിലെ സര്‍വ്വീസ് സംഘടനാ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പണിമുടക്കമായിരുന്നു ഇന്നലത്തെ സമരം.
എന്തെങ്കിലും പേരുപറഞ്ഞ് കോലാഹലമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണിച്ച മുഖമാണ് ഈ സമരത്തില്‍ നാം കണ്ടത്. ജീവനക്കാര്‍ അത് തിരസ്‌കരിച്ച രീതി നോക്കി തെറ്റ് തിരുത്താന്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്‍മാര്‍ തയ്യാറാവുകയാണ് വേണ്ടത്.
ഇത്തരത്തില്‍ ആര്‍എസ്എസും കോണ്‍ഗ്രസും ഏതാണ്ട് അത്ഭുതാവഹമായ ഐക്യത്തോടെ സര്‍ക്കാരിന്റെ ജനപ്രിയതയെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കേരളം കാണുന്നത്. അതിന്റെ ഭാഗമാണ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസും ഇന്നലത്തെ നാണംകെട്ട പണിമുടക്കും.

English summary
RSS and the Congress are trying to undermine the popularity of the government Says, Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X