മോദി ഭരണത്തില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിച്ചതായി ആർഎസ്എസ് തന്നെ സമ്മതിച്ചു: എംവി ജയരാജന്‍
കണ്ണൂർ: ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും മോഡി ഭരണത്തിൽ വർദ്ധിച്ചു എന്ന് ആർ എസ് എസ് തന്നെ സമ്മതിച്ചെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ''ദാരിദ്ര്യം രാക്ഷസരൂപം പൂണ്ട് നിൽക്കുകയാണെ'' ന്നാണ് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാലെ അഭിപ്രായപ്പെട്ടത്. ആർ എസ് എസ്സിന്റെ രാഷ്ട്രീയവേദിയായ ബി ജെ പിയുടെ ഭരണം സമ്പൂർണ്ണപരാജയമാണെന്ന് ആർ എസ് എസ്സിനും പറയേണ്ടിവന്നുവെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും മോഡി ഭരണത്തിൽ വർദ്ധിച്ചു എന്ന് ആർ എസ് എസ്
ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും ഭീതിജനകമായി വർദ്ധിച്ചുവരികയാണെന്ന് ഒടുവിൽ ആർ എസ് എസ്സിനും സമ്മതിക്കേണ്ടിവന്നു. ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാലെ ആണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ''ദാരിദ്ര്യം രാക്ഷസരൂപം പൂണ്ട് നിൽക്കുകയാണെ'' ന്നാണ് അദ്ദേഹം പറയുന്നത്. അതായത് ആർ എസ് എസ്സിന്റെ രാഷ്ട്രീയവേദിയായ ബി ജെ പിയുടെ ഭരണം സമ്പൂർണ്ണപരാജയമാണെന്ന് ആർ എസ് എസ്സിനും പറയേണ്ടിവന്നു.

നരേന്ദ്ര മോഡി സർക്കാർ ജനങ്ങൾക്കുവേണ്ടിയല്ല, കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന കാര്യം സി പി ഐ (എം) ഉം എല്‍ ഡി എഫും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അത് അംഗീകരിക്കാൻ ആർഎസ്എസ് ഉൾപ്പെടെ അന്ന് തയ്യാറായിരുന്നില്ല. ഔദ്യോഗിക കണക്കുകൾ തന്നെ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വർദ്ധിച്ചുവരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെ 20 കോടിയിലേറെ ജനങ്ങൾ. പ്രതിദിനം 375 രൂപ പോലും വരുമാനമില്ലാത്ത 23 കോടിയിലേറെ പേർ. തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനം.
ഇത്തരത്തിലുള്ള കണക്കുകൾ ഇല്ലാതെ തന്നെ ജനങ്ങൾ ബുദ്ധിമുട്ടിലാണെന്ന കാര്യം എല്ലാവർക്കുമറിയാം. എന്നിട്ടും ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളർന്നുവെന്ന പൊങ്ങച്ചം പറച്ചിലാണ് പ്രധാനമന്ത്രിയുടേത്. ഒരു ശതമാനത്തോളം വരുന്നവരുടെ കൈയ്യിലാണ് 70 ശതമാനം സമ്പത്തുമുള്ളത്. പോഷകാഹാരവും കുടിവെള്ളവും ലഭിക്കാത്തവർ കോടികളാണ്. കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന ആഗോളവൽക്കരണ നയമാണ് ഇതിനെല്ലാം കാരണം. ആർ എസ് എസ്സിന്റെ വിമർശനം മനസ്സിലാക്കിയെങ്കിലും ആ നയങ്ങൾ തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുമോ.












Click it and Unblock the Notifications