ആർഎസ്എസ്-ജമാഅത്തെ ഇസ്ലാമി ചർച്ച: ഇടത് പ്രചരണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്: സോളിഡാരിറ്റി
മുസ്ലിം സംഘടനകൾ ആർ.എസ്.എസുമായി സംസാരിച്ച കാര്യങ്ങൾ അവരും മാധ്യമങ്ങളും പുറത്ത് വിട്ടതാണ്

കോഴിക്കോട്: ആർ എസ് എസ് - ജമാഅത്തെ ഇസ്ലാമി രഹസ്യ ചർച്ചയായി അവതരിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇടത് പക്ഷമാണെന്ന് സോളിഡാരിറ്റ് സംസ്ഥാന പ്രസിഡന്റ് സിടി സുഹൈബ്. മുഖ്യമന്ത്രി മുതൽ സി പി എം നേതാക്കളും ഇടത് പത്രപ്രവർത്തകരും സൈബർ പോരാളികളും പടവാളെടുത്ത് ഇറങ്ങിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. സുഹൈബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആർ.എസ്.എസിൻ്റെ അതിക്രമങ്ങളെ മുൻനിർത്തി ഇന്ത്യയിലെ പ്രധാന മുസ്ലിം സംഘടന പ്രതിനിധികൾ ആർ.എസ്.എസുമായി നടത്തിയ സംവാദത്തെ ആർ.എസ്.എസ് - ജമാഅത്തെ ഇസ്ലാമി രഹസ്യ ചർച്ചയായി അവതരിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇടത് പക്ഷമാണ് .മുഖ്യമന്ത്രി മുതൽ സി.പി.എം നേതാക്കളും ഇടത് പത്രപ്രവർത്തകരും സൈബർ പോരാളികളും പടവാളെടുത്ത് ഇറങ്ങിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.
ഒന്ന്: മുസ്ലിം സമുദായത്തിലെ സംഘടനാ പ്രശ്നങ്ങളിൽ കക്ഷി ചേർന്ന് പരമാവധി ഭിന്നിപ്പുണ്ടാക്കുക എന്നത് കുറച്ച് കാലമായി ഇടത് പക്ഷത്തിൻ്റെ രാഷ്ട്രീയ തന്ത്രമാണ്. മുസ്ലിം സമൂഹത്തിലെ ചില വിഭാഗങ്ങളെ കൂടെ നിർത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യം തന്നെ .അതിനായി മുസ്ലിം സമുദായത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടൽ സൃഷ്ടിക്കാൻ സാധ്യതയുള്ള സ്വാധീനങ്ങളെ ഇല്ലാതാക്കാൻ ഇടത് പക്ഷം നടത്തുന്ന തീവ്രവാദ ആരോപണങ്ങളുടെ തുടർച്ചയാണ് നിലവിലെ പ്രചരണങ്ങളും .
2. മുസ്ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ രൂപപ്പെടുന്ന സംഘ് പരിവാർ വിരുദ്ധ നീക്കങ്ങൾക്ക് തുരങ്കം വെക്കുന്ന പണി ഇടത് പക്ഷം ചെയ്യാറുണ്ട്. സി.എ.എ വിരുദ്ധ സമരകാലത്ത് അത് കണ്ടതാണ്. മുസ്ലിംകളുടെ കർതൃത്വം ഇല്ലാതാക്കുകയും ന്യൂനപക്ഷത്തിൻ്റെ രക്ഷ ഇടതിൻ്റെ കൂടെയും കീഴിലും നിൽക്കുന്നതിലൂടെയാണെന്നും സ്ഥാപിക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്. അതിൻ്റെ ഭാഗമായി മുസ് ലിം കമ്യൂണിറ്റികകത്ത് രൂപപ്പെടുന്ന യോജിപ്പുകളെ ഇല്ലാതാക്കണം .യോജിപ്പിൻ്റെ ആശയ രൂപീകരണത്തിന് പ്രധാന പങ്കുവഹിക്കാൻ സാധ്യതയുള്ള ജമാഅത്തെ ഇസ്ലാമിയെ പരമാവധി പൈശാചിക വത്കരിക്കണം .
മൂന്ന് : സംസ്ഥാന സർക്കാറിൻ്റെ മുസ്ലിം വിരുദ്ധ നിലപാടുകളും ഹിന്ദുത്വ പ്രീണന നയങ്ങളും തുറന്ന് കാണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് മുസ് ലിം സമൂഹത്തിൽ നിന്നുയർന്ന് വരാൻ സാധ്യതയുള്ള സർക്കാർ വിരുദ്ധ വികാരത്തെ ജമാഅത്തെ ഇസ്ലാമിയുടെ ചെലവിൽ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ പടയൊരുക്കത്തിൻ്റെ മറ്റൊരു ഉദ്ദേശം
പിൻകുറി: മുസ്ലിം സംഘടനകൾ ആർ.എസ്.എസുമായി സംസാരിച്ച കാര്യങ്ങൾ അവരും മാധ്യമങ്ങളും പുറത്ത് വിട്ടതാണ്. ഇനി സി.പി.എം ആർ.എസ്.എസുമായി നടത്തിയ ചർച്ചയും അതിലുണ്ടായ ഡീലുകളും എന്താണെന്ന് അറിയാൻ കൗതുകമുണ്ട്.












Click it and Unblock the Notifications