കുളിമുറി ദൃശ്യങ്ങൾ പകർത്തിയ ആർഎസ്എസ് നേതാവ് പിടിയിൽ; സ്ഥിരം പരിപാടിയെന്ന് പോലീസ്...
പൂജപ്പുരയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: രാത്രിസമയത്ത് വീടുകളിൽ ഒളിച്ചിരുന്ന് സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുന്ന ആർഎസ്എസ് നേതാവിനെ പിടികൂടി. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്ത് ആർഎസ്എസ് മുഖ്യശിക്ഷകായിരുന്ന മിഥുൻരാജിനെ(28)യാണ് തിരുവനന്തപുരത്ത് നിന്നും പോലീസ് പിടികൂടിയത്.
പൂജപ്പുരയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഇവിടെനിന്നും മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മിഥുൻരാജ്, രണ്ട് ദിവസങ്ങൾക്ക് ശേഷം പാങ്ങോട് നിന്നാണ് പോലീസിന്റെ പിടിയിലായത്.

ആർഎസ്എസ് നേതാവ്...
പത്തനംതിട്ട കലഞ്ഞൂർ കൂടൽ സ്വദേശിയായ മിഥുൻരാജ് കുറച്ചുനാളുകളായി തിരുവനന്തപുരത്താണ് താമസം. കലഞ്ഞൂർ പഞ്ചായത്തില ആർഎസ്എസ് മുഖ്യശിക്ഷകായിരുന്ന ഇയാൾ, തിരുവനന്തപുരത്തെ സ്വകാര്യ നിർമ്മാണ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്തുവരികയാണ്.

പതിവെന്ന്...
രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഒളിച്ചിരുന്ന് കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് ഇയാളുടെ സ്ഥിരവിനോദമാണെന്നാണ് പോലീസ് പറഞ്ഞത്. വീട്ടുകാരോ സ്ത്രീകളോ അറിയാതെ കുളിമുറിയുടെ വെന്റിലേറ്ററിൽ മൊബൈൽ ക്യാമറ വച്ചാണ് മിഥുൻരാജ് ദൃശ്യങ്ങൾ പകർത്താറുള്ളത്.

പൂജപ്പുരയിൽ...
കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിയ മിഥുൻരാജ്, പ്രദേശത്തെ വീടുകളിൽ കയറിയും കുളിമുറി ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇപ്രകാരം ശനിയാഴ്ച രാത്രിയിൽ പൂജപ്പുരയിലെ ഒരു വീട്ടിലാണ് മിഥുൻരാജ് അതിക്രമിച്ച് കയറിയത്. തുടർന്ന് കുളിമുറിയുടെ വെന്റിലേറ്ററിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചു.

ഗൃഹനാഥൻ...
വീട്ടമ്മ കുളിക്കാൻ കയറിയെന്ന് കരുതിയാണ് മിഥുൻരാജ് വെന്റിലേറ്ററിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഒരാൾ കുളിമുറിക്ക് സമീപം നിൽക്കുന്നത് ഗൃഹനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഗൃഹനാഥൻ ബഹളംവച്ച് മിഥുൻരാജിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു.

പിടിവള്ളിയായത് മൊബൈൽ...
തന്റെ മൊബൈൽ ഫോൺ സ്ഥലത്ത് ഉപേക്ഷിച്ചാണ് മിഥുൻരാജ് വീട്ടിൽ നിന്നും കടന്നുകളഞ്ഞത്. വീട്ടുവളപ്പിൽ നിന്നും ലഭിച്ച ഫോൺ ഗൃഹനാഥൻ പൂജപ്പുര പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാങ്ങോടുള്ള വാടകവീട്ടിൽ നിന്നും മിഥുൻരാജിനെ പോലീസ് പിടികൂടിയത്.

രണ്ടെണ്ണം...
ഉപേക്ഷിച്ച ഫോൺ കൂടാതെ മറ്റൊരു ഫോണും മിഥുൻരാജിന്റെ കൈവശമുണ്ടായിരുന്നു. ഈ രണ്ട് ഫോണുകളിൽ നിന്നും നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും കുളിമുറി ദൃശ്യങ്ങളും കണ്ടെടുത്തുവെന്നാണ് പോലീസ് അറിയിച്ചത്. പത്തനംതിട്ടയിലെ ആർഎസ്എസ് നേതാവായ മിഥുൻരാജിന്റെ ഫോൺ കൂടുതൽ പരിശോധനകൾക്കായി സൈബർ സെല്ലിന് കൈമാറി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications