വന്ദേഭാരത് എക്‌സ്പ്രസില്‍ ഗണഗീതം; ദേശഭക്തി ഗാനം എന്ന് റെയില്‍വെ, വിവാദം, വീഡിയോ നീക്കി
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയാത്രയില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടി. ഇതിന്റെ വീഡിയോ ദക്ഷിണ റെയില്‍വെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദേശഭക്തി ഗാനം എന്ന പേരിലാണ് വീഡിയോ പങ്കുവച്ചത്. ഒരുകൂട്ടം വിദ്യാര്‍ഥികളും മുതിര്‍ന്ന സ്ത്രീകളുമാണ് വീഡിയോയിലുള്ളത്.
ആര്‍എസ്എസിന്റെ ഗാനം റെയില്‍വെ ദേശഭക്തി ഗാനം എന്ന പേരില്‍ പങ്കുവച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. വിവാദമായതോടെ വീഡിയോ റെയില്‍വെ നീക്കം ചെയ്തു. ആലപ്പുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെസി വേണുഗോപാല്‍ കടുത്ത ഭാഷയില്‍ ഇതിനെതിരെ രംഗത്തുവന്നു. സര്‍ക്കാര്‍ എല്ലാ സംവിധാനത്തെയും സംഘിവല്‍ക്കരിച്ചുകഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്.

കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം: ''ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാര്‍, അതിന്റെ സംവിധാനത്തെയൊട്ടാകെ അങ്ങേയറ്റം സംഘിവത്കരിച്ചുകഴിഞ്ഞു. എറണാകുളത്ത് നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ കണ്ട കാഴ്ച അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ്. സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച്, അത് ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇവിടെ റെയില്‍വേ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്?
രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആര്‍എസ്എസിന്റെ നുകത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമമാണ് ഇവിടെ അരങ്ങേറുന്നത്. അതിനായി, പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികളുടെ തലച്ചോറിലും മനസ്സിലും വര്‍ഗീയവിഷം കുത്തിവെയ്ക്കുന്ന ആര്‍എസ്എസിന്റെ ദംഷ്ട്രകള്‍ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു.
കപട ദേശീയതയുടെ വക്താക്കളായ ആര്‍എസ്എസും അവരുടെ രാഷ്ട്രീയ രൂപമായ ബിജെപിയും നമ്മുടെ ദേശീയ സങ്കല്‍പ്പങ്ങളെക്കൂടിയാണ് ഇവിടെ അപമാനിക്കുന്നത്. ദേശീയഗാനം മുഴങ്ങിക്കേള്‍ക്കേണ്ട വേദികളില്‍ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്, പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്.
ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ന്നുവരണം. രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടേണ്ടതുമുണ്ട്. കുട്ടികളെ വര്‍ഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ഏത് വിധേനയും ചെറുത്തുതോല്‍പ്പിക്കും.''












Click it and Unblock the Notifications