വന്ദേഭാരതിലെ ആര്‍എസ്എസ് പാട്ട്; അന്വേഷണം പ്രഖ്യാപിച്ചു, ന്യായീകരിച്ച് സുരേഷ് ഗോപി
എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയാത്രയില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും ചേര്‍ന്ന് ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗാനം ആലപ്പിച്ച സംഭവത്തില്‍ അന്വേഷണം. സംഭവം അതീവ ഗൗരവകരമാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയ അജണ്ടയ്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്ന ലംഘനമാണെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയക്ടറോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരതിന്റെ ആദ്യയാത്ര ശനിയാഴ്ച രാവിലെ ആയിരുന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോഴാണ് ട്രെയിനില്‍ വച്ച് ആര്‍എസ്എസിന്റെ ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കെസി വേണുഗോപാല്‍, യുവജന സംഘടനകള്‍ എന്നിവരെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ സോഷ്യല്‍ പേജില്‍ നിന്ന് നീക്കിയ റെയില്‍വെ വീണ്ടും വൈകീട്ട് പോസ്റ്റ് ചെയ്തു. ഇതോടെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ ആര്‍എസ്എസിന്റെ ഗാനം പാടിയതില്‍ തെറ്റില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. വേണ്ടി വന്നാല്‍ നിയമസഭയിലും പാടുമെന്ന് ചില ബിജെപി നേതാക്കള്‍ പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പ്രതികരണവുമായി രംഗത്തെത്തി.
സുരേഷ് ഗോപി പറഞ്ഞത്
''അതൊരു സെലബ്രേഷനാണ്. കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചെയ്തതാണ്. അവര്‍ക്ക് അത് തോന്നി, ചെയ്തു. അത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഗണഗീതം ഒരു ഗ്രൂപ്പ് സോങ് ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത് എന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. തനിക്ക് ഗണഗീതം പാടാന്‍ അറിയില്ലെന്ന് പറഞ്ഞ ജോര്‍ജ് കുര്യന്‍ ഗണഗീതത്തിന്റെ ഓരോ വരികളും വിശദീകരിച്ചു.
പ്രധാനമന്ത്രിക്ക് കത്ത്
അതേസമയം, വിവാദം ശക്തമായതോടെ ഗാനം ആലപിച്ച കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഡിന്റോ കെപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രണ്ട് ചാനലുകള്‍ ഇത് വാര്‍ത്തയാക്കിയ പിന്നാലെ വീഡിയോ സതേണ്‍ റെയില്‍വെ എക്‌സില്‍ നിന്ന് നീക്കി. അഭിമാനത്തോടെ പാടിയ ഗാനമാണിതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
വര്‍ഗീയ അജണ്ടയുള്ള സംഘടനയുടെ പാട്ട് എന്തിന് സര്‍ക്കാര്‍ സംരംഭത്തിന്റെ ഉദ്ഘാടന വേളയില്‍ പാടുന്നു എന്നാണ് കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. കുട്ടികളുടെ മനസ് വര്‍ഗീയ വല്‍ക്കരിക്കുന്നതെന്നും മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി ശിവന്‍കുട്ടിയും പറഞ്ഞു.
ആര്‍എസ്എസ് ഗണഗീതം ദേശഭക്തി ഗാനം അല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണം. ഔദ്യോഗിക പരിപാടികളില്‍ ഗണഗീതം വേണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications