പകല്‍ വ്യക്തിത്വ വികസന ക്ലാസ്,പുലര്‍ച്ചെ ആയുധ പരിശീലനം!സ്‌കൂളിലെ ആര്‍എസ്എസ് ക്യാമ്പിന്റെ ദൃശ്യങ്ങള്‍
കേരളത്തിലെ മുപ്പത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ആര്‍എസ്എസ് ക്യാമ്പുകള്‍ നടക്കുന്നതെന്ന് കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണൂര്‍: കേരളത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലന ക്യാമ്പിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. കേരളത്തിലെ മുപ്പത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ആര്‍എസ്എസ് ക്യാമ്പുകള്‍ നടക്കുന്നതെന്ന് കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യക്തിത്വ വികസന ക്ലാസുകള്‍ സംഘടിപ്പിക്കാനെന്ന് പറഞ്ഞ് സ്‌കൂളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ആര്‍എസ്എസ് ആയുധ പരിശീലനം സംഘടിപ്പിക്കുന്നത്. പ്രാഥമിക ശിക്ഷണ ശിബിരം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ 13 വയസ് മുതല്‍ പ്രായമുള്ള കുട്ടികളും യുവാക്കളുമാണ് പങ്കെടുക്കുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുന്ന ഈ ക്യാമ്പുകളില്‍ പകല്‍ സമയത്ത് സാധാരണ ക്ലാസുകളും രാത്രിയിലും പുലര്‍ച്ചെയുമായി ആയുധ പരിശീലനവുമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് മുപ്പതോളം ക്യാമ്പുകള്‍
കൈരളി പീപ്പിള്‍ ചാനലാണ് ആര്‍എസ്എസ് ക്യാമ്പിലെ ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംസ്ഥാനത്ത് ഇത്തരത്തില്‍ മുപ്പതോളം ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ഓരോ ജില്ലയിലും രണ്ടു ക്യാമ്പുകള്‍ വീതമാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം നാല് ക്യാമ്പുകള്‍ നടക്കുന്നുണ്ടെന്നും കൈരളിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയുധ പരിശീലനം പുലര്‍ച്ചെ...
ക്രിസ്തുമസ് അവധിക്കാലത്ത് വ്യക്തിത്വ വികസന പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആര്‍എസ്എസ് സ്‌കൂളുകളില്‍ ആയുധ പരിശീലനം നല്‍കുന്നത്. ഒരോ ക്യാമ്പുകളിലും നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ സാധാരണ ക്ലാസുകളും രാത്രിയിലും പുലര്‍ച്ചെയുമായി ആയുധ പരിശീലനവുമാണ് ക്യാമ്പുകളില്‍ നടക്കുന്നത്. തുണി കൊണ്ട് മറച്ചാണ് ആയുധ പരിശീലനം നല്‍കുന്നത്.

ക്യാമ്പിന്റെ മുദ്രാവാക്യം...
'ആക്രമിക്കലാണ് നല്ല പ്രതിരോധം' എന്നാണ് ക്യാമ്പിന്റെ മുദ്രാവാക്യം. വിവിധ ആയോധന മുറകളും ദണ്ഡ ഉപയോഗിച്ച് ആക്രമിക്കുന്നതും, കൈകാലുകള്‍ കൊണ്ട് ശരീരത്തിലെ മര്‍മ്മ ഭാഗങ്ങളില്‍ ആക്രമിക്കുന്നതിനുമുള്ള പരിശീലനമാണ് ക്യാമ്പില്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസില്‍ പരാതി നല്‍കി
ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലന ക്യാമ്പുകള്‍ക്കെതിരെ സിപിഎം നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ക്യാമ്പ് നടക്കുന്ന കണ്ണൂരിലെ സ്‌കൂളുകളുടെ പേരുകള്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ക്യാമ്പിനെതിരെ സിപിഎം പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

പരാതിക്ക് പിന്നില്‍ സിപിഎമ്മിന്റെ ആശങ്ക
വാതിലുകള്‍ കൊട്ടിയടച്ചല്ല ആര്‍എസ്എസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും, ക്യാമ്പിലെ പ്രവര്‍ത്തനങ്ങല്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ ആര്‍ക്കും ക്യാമ്പിലേക്ക് വരാമെന്നും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറോളം കുട്ടികള്‍ സംഘത്തിലേക്ക് കടന്നുവരുന്നതിലെ സിപിഎമ്മിനുള്ള ആശങ്കയാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications