കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് എസ്ഡിപിഐ; കാരണം ഇതാണ്
കണ്ണൂര്‍: തലശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപത്തുവെച്ച് പേരാവൂര്‍ ഗവ. ഐടിഐ വിദ്യാര്‍ഥിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദി (24)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ബൈക്കില്‍ വന്ന ശ്യാമപ്രസാദിനെ പിന്‍തുടര്‍ന്നു കാറിലെത്തിയ മുഖംമൂടി സംഘം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനടുത്തുവെച്ച് ആക്രമിച്ചത്. ബൈക്കില്‍നിന്നും വീണ ശ്യാമപ്രസാദിനെ സംഘം വെട്ടിയെങ്കിലും സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി.

പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വീടിന്റെ വരാന്തയില്‍ വെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. സമീപത്തു തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ രക്ഷിക്കാനെത്തിയെങ്കിലും ആയുധം കാണിച്ചു വിരട്ടുകയായിരുന്നു. അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടശേഷം ശ്യാമപ്രസാദിനെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
അക്രമി സംഘത്തിലുള്ളവരെ പിന്നീട് വയനാട് തലപ്പുഴയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച കണ്ണവം വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അയ്യൂബിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം എന്നാണ് സൂചന. ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷക് ആണ് ശ്യാമപ്രസാദ്. അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ശനിയാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications