ദുബൈ എക്സ്പോയിൽ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണവുമായി ദുബായ് ഭരണാധികാരി
അബുദാബി; ദുബായ് എക്സ്പോ 2020-ൻ്റെ വേദിയിൽ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു.

കേരളത്തിൻ്റെ വികസനത്തിൽ യു.എ.ഇ നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.
അതേസമയം വാണിജ്യ വ്യവസായ രംഗത്തെ സഹകരണം
കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം.
അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ: കെ. ഇളങ്കോവൻ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി മിർ മുഹമ്മദ് അലി എന്നിവരെ ചേംബർ ചെയർമാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
കേരളവും അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിലനിൽക്കുന്ന നിക്ഷേപ സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കുവാൻ അബുദാബി ചേംബറിന്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു. നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിനുവേണ്ടുന്ന നടപടികൾ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹെരി എന്നിവരും പങ്കെടുത്തു.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications