വീണ്ടും നിയമസഭയുടെ കറുത്ത ദിനം; വാടാ പോടാ വിളിയുമായി അംഗങ്ങള്‍, കൈയ്യാങ്കളി... നാടകീയ രംഗങ്ങള്‍
ഗുരുവായൂരിലേക്ക് കൊണ്ടുവന്ന വെള്ളം പോലീസ് നോക്കി നില്‍ക്കെ പ്രദേശവാസികള്‍ ഒഴുക്കി കളഞ്ഞതിനെ കുറിച്ച് സംസാരിക്കവെയാണ് ബഹളം തുടങ്ങിയത്.
തിരുവനന്തപുരം: വ്യാഴാഴ്ച നിയമസഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍. മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ അടിയന്തര പ്രമേയത്തിന് അനുവാദം ചോദിക്കുകയും അതിന് മറുപടിയായി മുഖ്യമന്ത്രിയുടെ പരാമര്‍ശവും വന്നതോടെയാണ് നിയമസഭ കലുഷിതമായത്.
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണോ എന്ന് സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ രംഗം വഷളായി. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം സദാചാര പ്രശ്‌നം ഉന്നയിക്കുകയായിരുന്നു. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചാണ് ശിവസേന ഗുണ്ടായിസം നടത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

ഗുരുവായൂരിലേക്ക് കൊണ്ടുവന്ന വെള്ളം പോലീസ് നോക്കി നില്‍ക്കെ പ്രദേശവാസികള്‍ ഒഴുക്കി കളഞ്ഞതിനെ കുറിച്ച് സംസാരിക്കവെയാണ് ബഹളം തുടങ്ങിയത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദര്‍ ആരോപിച്ചു. ശിവസേനയുടെ ഗുണ്ടായിസത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഗുരുവായൂര്‍ വിഷയം എടുത്തിട്ടതിനെ പ്രതിപക്ഷം വിമര്‍ശിച്ചു.
തുടര്‍ന്ന് വാടാ പോടാ വിളികളുമായി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കു നേര്‍ എത്തുകയായിരുന്നു. കാര്യങ്ങള്‍ കൈയ്യാങ്കളിയിലേക്ക് അടുത്തതോടെ സ്പീക്കറും മുതിര്‍ന്ന അംഗങ്ങളും ഇടപെട്ട് രംഗം ശാന്തമാക്കി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടര്‍ന്ന് സഭ അല്‍പ്പ സമയം നിര്‍ത്തിവച്ചു. ഗുരുവായൂരിലെ പൂജ തടസപ്പെടുത്താന്‍ എംഎല്‍എ അബ്ദുള്‍ഖാദര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് ഭരണ പക്ഷത്തെ ചൊടിപ്പിക്കുകയായിരുന്നു.
വാദപ്രതിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്നതില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പിണറായി അടിയന്തിര പ്രമേയത്തിന് മറുപടി പറയുന്നതിനിടെ പരാമര്‍ശിച്ചു. മറൈന്‍ഡ്രൈവിലുണ്ടായ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിച്ചത് ഹൈബി ഈഡന്‍ എംഎല്‍എയായിരുന്നു. സംഭവത്തില്‍ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സംസാരിച്ചത്. ഇതിനു പിന്നാലെ പോലീസിന് വീഴ്ചപറ്റിയ കാര്യം പിണറായിയും സമ്മതിച്ചു.
സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം സഭയെ അറിയിച്ചു. അതു കൊണ്ടാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ നടപടി എടുക്കാന്‍ വൈകുന്ന ഉദ്യോസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും പിണറായി സഭയില്‍ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി എടുക്കുമെന്നും വേണ്ടി വന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ കാപ്പ ചുമത്തുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. സദാചാരം വച്ചു പുലര്‍ത്തില്ല എന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും പിണറായി മറുപടി കൊടുത്തു.
സഭയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. അംഗങ്ങള്‍ ആരും സഭയ്ക്കകത്ത് പെരുമാറ്റചട്ടം പാലിക്കുന്നില്ലെന്നും സ്പീക്കര്‍ പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ തനിക്കുനേരെ ആക്രോളിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി. ഇതിനു മുന്നെ മുഖ്യമന്ത്രി കസേരയ്ക്കു നേരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications