റമ്മിനെ പിന്തള്ളി ബ്രാണ്ടി കേരളവിപണി കയ്യടക്കുന്നു
തിരുവനന്തപുരം: "പ്രിയപ്പെട്ട റം, നീ ഞങ്ങള്‍ക്ക് തന്നിരുന്ന കടുത്ത ലഹരിക്ക് നന്ദി. മധുചഷകം ചുണ്ടോട് ചേര്‍ത്ത്, കണ്ണുകള്‍ ഇറുക്കിയടച്ച് ഒറ്റവലിക്ക് നിന്റെ എരിയുന്ന മധുരം വലിച്ച് കുടിച്ച് ഞങ്ങള്‍ ലഹരിയുടെ അനന്തതയിലേക്ക് മാഞ്ഞു പോയിരുന്നു. പോക്കറ്റിന്റെ കനം കുറക്കാതെ നീ ഞങ്ങള്‍ക്കായി പകര്‍ന്ന് തന്നിരുന്ന ലഹരികള്‍ക്ക് വീണ്ടും നന്ദി. പക്ഷേ ഞങ്ങള്‍ മലയാളികള്‍ ആഡംബരത്തില്‍ അല്‍പം കൂടുതല്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങള്‍ നിന്നോട് യാത്ര പറയുകയാണ്. ഞങ്ങള്‍ക്ക് ലഹരിമാത്രം പോര. സമൂഹത്തില്‍ ഇത്തിരി നിലയും വിലയും കൂടി വേണം...."
ഒരു മലയാളി മദ്യപന്റെ വാക്കുകളാണ് ഇതെന്ന് കരുതേണ്ട്. സത്യമായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. മലയാളികളുടെ പ്രിയപ്പെട്ട മദ്യമായിരുന്ന റമ്മിന് ഇപ്പോള്‍ ആവശ്യക്കാര്‍ കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബീവറേജസ് കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് റമ്മിന്റെ വില്‍പനയില്‍ കുത്തനെ ഇടിവുണ്ടായിരിക്കുന്നു. അതേ സമയം റമ്മിനേക്കാള്‍ അല്‍പം വിലകൂടിയ ബ്രാണ്ടിക്കാണ് ഇപ്പോള്‍ ഏറെ പ്രിയമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
രണ്ട് വര്‍ഷം മുമ്പ് വരെ കേരളത്തിലെ ബീവറേജസ് ഷോപ്പുകള്‍ വഴി വിറ്റിരുന്ന മദ്യത്തിന്റെ 52 ശതമാനവും റം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി റമ്മിന്റെ നില്‍പനയില്‍ വലിയ ഇടിവ് വന്നു. 2013 ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ റമ്മിന്റെ വില്‍പന 47 ശതമാനമായി കുറഞ്ഞു എന്നാണ് കണക്ക്. അതേസമയം ബ്രാണ്ടിയുടെ വില്‍പന 48 ശതമാനമായി ഉയരുകയും ചെയ്തു.
ആഡംബര പ്രേമികളാണെങ്കിലും വലിയ വിലകൂടി മദ്യങ്ങളോട് ഇപ്പോഴും മലയാളികള്‍ക്ക് അത്രക്ക് പ്രിയമില്ല. വിസ്‌കിയുടെ വില്‍പനയില്‍ വന്ന കുറവ് ഇതാണ് സൂചിപ്പിക്കുന്നത്. ഒരിടക്ക് വില്‍പനയുടെ 16 ശതമാനത്തോളം ഉയര്‍ന്ന വിസ്‌കി ഇപ്പോള്‍ ഏതാണ് ഒരു ശതമാനം മാത്രമാണ് വിറ്റുപോകുന്നത്.
എന്തായാലും റമ്മിന് ആശ്വസിക്കാം. വോഡ്ക്കയും വിസ്‌കിയും ജിന്നും വൈനും ഒക്കെ ഇപ്പോഴും ഒരുപാടൊരുപാട് താഴെയാണ്.












Click it and Unblock the Notifications