രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ എന്ന് അഭ്യൂഹം; പോലീസും ജഡ്ജിയും മടങ്ങി, പൊതിച്ചോറുമായി പ്രതിഷേധം
കാസര്‍കോഡ്: മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം. രാഹുലുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നു, കാസര്‍ക്കോട്ടേക്ക് കടന്നു, സുള്ള്യയിലുണ്ട്, വൈകാതെ കോടതിയില്‍ കീഴടങ്ങും, രാഹുല്‍ കസ്റ്റഡിയിലായി... എന്നിങ്ങനെ പോകുന്ന അഭ്യൂഹങ്ങള്‍.
ഹോസ്ദുര്‍ഗ് കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങിയേക്കുമെന്ന് പ്രചാരണമുണ്ടായി. ജഡ്ജി അഞ്ച് മണിക്ക് ശേഷവും കോടതിയില്‍ തുടര്‍ന്നത് ഈ പ്രചാരണം ശക്തിപ്പെടാന്‍ ഇടയാക്കി. എന്നാല്‍ കേസുകള്‍ കൂടുതലുള്ളത് കൊണ്ട് സമയം വൈകിയതാണെന്നാണ് ഒടുവിലെ വിശദീകരണം. ജഡ്ജി ആറ് മണിക്ക് മുമ്പ് കോടടിക്ക് അടുത്തുള്ള താമസസ്ഥലത്തേക്ക് മടങ്ങി.

അഞ്ച് മണിക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതി പരിസരത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതും സംശയത്തിന് ഇടയാക്കി. രാഹുല്‍ കസ്റ്റഡിയില്‍ ആയിട്ടില്ല എന്നാണ് ഡിവൈഎസ്പി പറഞ്ഞത്. ഏഴ് മണിയോടെ ഡിവൈഎസ്പി മടങ്ങി. പോലീസ് വാഹനങ്ങളും സ്ഥലംവിട്ടു. ഒരു പോലീസ് വാഹനം മാത്രമാണ് നിലവില്‍ കോടതി പരിസരത്തുള്ളത്.
അതേസമയം, രാഹുല്‍ കീഴടങ്ങും, കസ്റ്റഡിയിലുള്ള രാഹുലിനെ കോടതിയിലേക്ക് കൊണ്ടുവരും എന്നീ വിവരങ്ങള്‍ പ്രചരിച്ചതോടെ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തമ്പടിച്ചു. രാഹുലിന് പൊതിച്ചോറ് നല്‍കി പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്‌ഐ പറയുന്നു. പോലീസുകാര്‍ മടങ്ങിയിട്ടും കോടതിയുട ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ഡിവൈഎഫ്‌ഐയും നില്‍ക്കുന്നുണ്ടായിരുന്നു.
പ്രതി കസ്റ്റഡിയില്‍ ആയിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത കോടതിയില്‍ ഹാജരാക്കണം എന്നാണ് നിയമം. ജഡ്ജിയുടെ വീട്ടിലായാലും ഹാജരാക്കി ട്രാന്‍സിറ്റ് ഓര്‍ഡര്‍ കൈപ്പറ്റി കേസ് രജിസ്റ്റര്‍ ചെയ്ത സ്ഥലത്തേക്ക് കൊണ്ടുപോകും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നടപടി മഹത്തായ കാര്യമല്ലെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.
മന്ത്രി രാജീവിന്റെ വാക്കുകള്‍: ''ചരിത്രപ്രാധാന്യമുള്ള തീരുമാനമെടുത്തു എന്നൊക്കെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇനിയും അവര്‍ പുറത്താക്കിയില്ലെങ്കില്‍ അവരുടെ അവസ്ഥ എന്തായിരുന്നേനെ? എം എല്‍ എ ആയി മത്സരിക്കുന്നതിനുമുന്‍പ് തന്നെ പ്രതിപക്ഷനേതാവിന് പരാതി നല്‍കിയിരുന്നു എന്ന് ഒരു പെണ്‍കുട്ടി പറഞ്ഞത് നമ്മള്‍ കണ്ടതാണല്ലോ.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാക്കുന്നതിന് മുന്‍പ് വേറോരു പെണ്‍കുട്ടിയും സമാനമായ വിഷയം നേതൃത്വത്തെ അറിയിച്ചെന്ന് ഇപ്പോള്‍ പറയുകയുണ്ടായി. അപ്പോള്‍ ഇത്തരത്തിലുള്ള എല്ലാ വിഷയങ്ങളും അറിഞ്ഞിട്ടും ചേര്‍ത്തുപിടിച്ച് പുതിയ പദവികള്‍ നല്‍കി ഈ അവസ്ഥയിലേക്കെത്തിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. ഒരു പാര്‍ടിയും ചെയ്യാത്ത രീതിയിലുള്ള അംഗീകാരം നല്‍കി ചേര്‍ത്തുപിടിച്ചതുകൊണ്ടാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ ദുരിതമനുഭവിക്കാനിടയായത്.
ഇപ്പോള്‍ എന്തോ മഹത്തായ കാര്യം ചെയ്തു എന്ന രീതിയില്‍ പറയുമ്പോള്‍ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കോണ്‍ഗ്രസിന്റെ വൃഥാശ്രമം മാത്രമായി അത് മാറും. മുന്‍കാല പ്രാബല്യത്തോടെ അവരുടെ രണ്ട് എം എല്‍ എമാരെ പുറത്താക്കിയിട്ടാകണം ഇങ്ങനുള്ള അവകാശവാദങ്ങളുമായി കോണ്‍ഗ്രസ് വരേണ്ടത്.''












Click it and Unblock the Notifications