ഗ്രാമീണ ഇന്ത്യയ്ക്ക് നഷ്ടമായത് 25 കോടി തൊഴിൽ ദിനങ്ങൾ: കേരളത്തെ ദ്രോഹിക്കുന്നുവെന്നും എംപി

ദില്ലി: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് ദിനങ്ങള്‍ വെട്ടിച്ചുരുക്കിയതോടെ ഗ്രാമീണ ഇന്ത്യയ്ക്ക് നഷ്ടമായത് 25 കോടി തൊഴിൽ ദിനങ്ങളെന്ന് വി ശിവദാസന്‍ എംപി. 2021-22 വർഷത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇന്ത്യയിൽ ആകെ 26 കോടി തൊഴിൽ ദിനങ്ങളുടെ കുറവ് വന്നതായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രാജ്യസഭയിൽ സമ്മതിച്ചു. തൊഴിൽ ദിനങ്ങൾ കൂടിയിട്ടും കേരളത്തിന് അനുവദിച്ച തുക കുറഞ്ഞു എന്നത് ബിജെപി സർക്കാരിന്റെ കേരളത്തെ ദ്രോഹിക്കുന്ന സമീപനത്തിന്റെ ഉത്തമോദാഹരണമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഗ്രാമീണ ഇന്ത്യയ്ക്ക് നഷ്ടമായത് 25 കോടി തൊഴിൽ ദിനങ്ങൾ
2021-22 വർഷത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇന്ത്യയിൽ ആകെ 26 കോടി തൊഴിൽ ദിനങ്ങളുടെ കുറവ് വന്നതായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രാജ്യസഭയിൽ എന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ സമ്മതിക്കുന്നു 2020-21 ൽ 389 കോടി തൊഴിൽ ദിനങ്ങൾ ഉണ്ടായിരുന്നത് 2021-22 ൽ 363 കോടി ആയി കുറഞ്ഞു.

2021-22 ൽ കേരളത്തിന് അനുവദിച്ച ധനവിഹിതം, മുൻവർഷത്തേക്കാൾ 822 കോടി കുറവാണ് എന്നും കണക്കിൽ നിന്നും വ്യക്തം. ഉത്തർപ്രദേശിൽ മാത്രം 6.87 കോടി തൊഴിൽ ദിനങ്ങളാണ് കുറഞ്ഞത്. ബീഹാർ (4.65 കോടി ) , മധ്യപ്രദേശ് (4.2 കോടി ), രാജസ്ഥാൻ (3.62 കോടി ), ഛത്തീസ്‌ഗഢ് (1.48 കോടി ) എന്നിങ്ങനെയാണ് വലിയ കുറവ് വന്ന സംസ്ഥാനങ്ങളിലെ കണക്കുകൾ.
മൊത്തം 18 സംസ്ഥാനങ്ങളും 4 കേന്ദ്ര ഭരണ പ്രദേശങ്ങളും കുറവ് രേഖപ്പെടുത്തി. ദാദ്ര നഗർ ഹവേലി -ദാമൻ ആൻഡ് ഡിയു വിൽ നിലവിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നേയില്ല. എന്നാൽ ദേശീയ ചിത്രത്തിൽ നിന്നും വ്യത്യസ്‍തമായി കേരളത്തിൽ തൊഴിൽ ദിനങ്ങൾ കൂടി. 2020-21 ൽ 10.23 കോടി തൊഴിൽ ദിനങ്ങൾ ഉണ്ടായിരുന്നത് 2021-22 ൽ 10.56 കോടി ആയി ഉയർന്നു. എന്നാൽ കേരളത്തിന് അനുവദിച്ച ധനവിഹിതം 822 കോടി കുറവാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്യാസ് സബ്‌സിഡി ഇല്ലാതാക്കിയ ബിജെപി സർക്കാർ , പദ്ധതി വിഹിതം വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം നൽകാതെ കുടിശ്ശിക വരുത്തിയിരിക്കുകയാണ്. തൊഴിൽ ദിനങ്ങൾ കൂടിയിട്ടും കേരളത്തിന് അനുവദിച്ച തുക കുറഞ്ഞു എന്നത് ബിജെപി സർക്കാരിന്റെ കേരളത്തെ ദ്രോഹിക്കുന്ന സമീപനത്തിന്റെ ഉത്തമോദാഹരണമാണ് .












Click it and Unblock the Notifications