
'യുദ്ധങ്ങൾ അവസാനിക്കണം'; 'ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണം'; ഇ.പി ജയരാജൻ
തിരുവനന്തപുരം: യുക്രൈൻ - റഷ്യ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിച്ചാണ് ഇ പി ജയരാജൻ രംഗത്ത് എത്തിയത്. ലോകത്ത് അമേരിക്കൻ ഇടപെടലുകൾ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം.
യുദ്ധങ്ങൾ അവസാനിക്കണം. ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ പ്രതികരച്ചാണ് അദ്ദേഹം രംഗത്ത് എത്തിയത്.
അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ; -
ലോകത്താകെ അമേരിക്കൻ സാമ്രാജത്വം നടത്തി കൊണ്ടിരിക്കുന്ന ഇടപെടലുകളും ലോക പോലീസ് ചമഞ്ഞ് ആധിപത്യം സ്ഥാപിച്ചെടുക്കാൻ നടത്തുന്ന നടപടികളും ലോകത്തിൽ ആകെ സമാധാനം തകർക്കുകയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം യുക്രൈൻ ഒരു സ്വതന്ത്ര്യ രാഷ്ട്രമാണ്.

ആ സ്വതന്ത്ര്യ രാഷ്ട്രത്തെ യൂറോപ്യൻ യൂണിയനിൽ ലയിപ്പിക്കുകയും നാറ്റോ സഖ്യത്തിന്റെ ഭാഗമാക്കുകയും ചെയ്ത് അമേരിക്കൻ ആശ്രിത രാജ്യമായി നിർത്താനുള്ള നീക്കങ്ങളാണ്. ഇത് കുറച്ച് കാലമായി നടന്നു വരികയായിരുന്നു. യുക്രൈനിലെ പ്രകൃതി സമ്പത്തിലും ആണവോർജ്ജത്തിലും കണ്ണുവെച്ച് അമേരിക്ക നടത്തുന്ന ഈ നീക്കങ്ങൾക്ക് അവരുടെ സൈനിക താവളം യുക്രൈനിൽ ഒരുക്കുക എന്ന ലക്ഷ്യവുമുണ്ട്.
'1.20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്'; 'ലാഭവിഹിതം വാഗ്ദാനം ചെയ്ത്'; പ്രതി പിടിയിൽ

അതിലൂടെ റഷ്യയുടെ അതിർത്തി രാജ്യങ്ങളിൽ ഒരു സൈനികാധിപത്യം സ്ഥാപിച്ച് റഷ്യയുടെ മേൽ കടന്നു കയറാനുള്ള വഴിയൊരുക്കുകയാണ് പതിയെ അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നത്. യുക്രൈനെ സ്വാധീനിച്ച് റഷ്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന അമേരിക്കയുടെ ഈ നീക്കമാണ് ഇന്ന് ഈ കാണുന്ന തരത്തിലുള്ള ലോകസാഹചര്യത്തിലേക്കും ഒരു യുദ്ധത്തിലേക്കും നയിച്ചത്. യുദ്ധം വലിയ കഷ്ടതകളാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. സാമ്പത്തിക തകർച്ചയ്ക്ക് പുറമെ മനുഷ്യ നാശത്തിനും അത് വഴിവെക്കുകയാണ്.

റഷ്യക്കും യുക്രൈനിനും ഇടയിൽ നയതന്ത്ര ചർച്ചകളിലൂടെ തീർക്കേണ്ട വിഷയത്തെ യുദ്ധത്തിലെത്തിച്ച് അമേരിക്ക അവരുടെ ആയുധക്കച്ചവട രംഗവും വളർത്തുകയാണ്. ലോകത്താകെ എടുത്ത് പരിശോധിച്ചാൽ അമേരിക്കൻ അധിനിവേഷവും സാമ്രാജത്യ നീക്കങ്ങളും തകർത്ത രാജ്യങ്ങളേയും അവിടുത്തെ നിസഹായരായ ജനങ്ങളേയും നമുക്ക് കാണാൻ കഴിയും.
മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് 2022: ജനങ്ങൾ ആർക്കൊപ്പം? ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ഏറ്റവും ഒടുവിൽ അഫ്ഗാനിസ്ഥാനെ ഒരു പരുവത്തിലാക്കി. താലിബാന്റെ കൈകളിൽ അവിടുത്തെ ഭരണം എത്തിച്ചു. ജനാധിപത്യം ആകെ അട്ടിമറിക്കപ്പെട്ടു. ഇത്തരത്തിൽ അമേരിക്കൻ ഇടപെടലുകൾ ലോക സമാധാനത്തിന് മുഴുവൻ ഭംഗം വരുത്തുകയാണ്. അഫ്ഗാനിസ്ഥാനിൽ മാത്രമല്ല അറബ് രാജ്യങ്ങളിൽ നടത്തിയ ഇടപെടലുകൾ ആ രാജ്യങ്ങളിലെ ജനങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തിന് ഇന്നും തടസ്സമാണ്. ഇറാഖിലും ഇറാനിലും എല്ലാം തങ്ങളുടെ പട്ടാളത്തെ ഉപയോഗിച്ച് നടത്തിയ നീചമായ ഇടപെടലുകളും സദ്ദാം ഹുസൈനെ കൊന്നുകളഞ്ഞതൊന്നും ലോകം മറന്നിട്ടില്ല.

അതുകൊണ്ട് അമേരിക്കൻ സാമ്രാജ്വത്വം അവരുടെ സാമ്രാജ്യ വിപുലീകരണത്തിനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ഒരോ രാജ്യത്തിനും അവരവരുടെ സ്വാതന്ത്ര്യങ്ങളും ഭരണഘടനയും നയതന്ത്ര ബന്ധങ്ങളും ഫോർമുലകളും ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം നൽകണം. അതിനുവേണ്ടി ലോകത്തെ മുഴുവൻ രാജ്യങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളും ചിന്തിക്കുകയും അമേരിക്കൻ ഇടപെടലുകൾ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണം.

ഇന്നത്തെ ലോക രാഷ്ട്രീയ സാഹചര്യങ്ങളെ മുഴുവനായി വീക്ഷിക്കുമ്പോൾ അതാണ് മനസ്സിലാകുന്നത്. യുദ്ധങ്ങൾ അവസാനിക്കണം. ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണം. ജനങ്ങൾക്ക് സമാധാനപൂർണ്ണമായ ജീവിത സാഹചര്യങ്ങൾ ഉണ്ടാകണം. ഇതിന് ഭംഗം വരുത്തുന്ന ശക്തികളെ അകറ്റിനിർത്താൻ എല്ലാവരും മുന്നോട്ടുവരേണ്ടതുണ്ട്. ലോകസാഹചര്യങ്ങളിൽ സാമ്രാജത്വ അധിനിവേഷ ശക്തികൾക്കെതിരെ സിപിഐഎം സ്വീകരിച്ച നിലപാടുകൾ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയാണ്. - ഇ പി ജയരാജൻ ഫേസ് ബുക്കിൽ കുറിച്ചു.