Sabarimala Bus Accident: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: അപകടം നിലയ്ക്കലിന് സമീപം
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിലക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്.
പമ്പയില്‍നിന്ന് പോലീസും പത്തനംതിട്ടയില്‍നിന്നും റാന്നിയില്‍നിന്നും അഗ്നിരക്ഷാസേനയും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തീർത്ഥാടകരായ മറ്റ് യാത്രക്കാരാണ് അപകട വിവരം പൊലീസിനെ അറിയിച്ചത്. അറുപതോളം പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. മുഴുവന്‍ പേരേും പുറത്തെടുത്തു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

ഇലവുങ്കലില്‍ നിന്നും കോട്ടയം ജില്ലയിലെ ഏരുമേലിയിലേക്ക് പോവുന്ന വഴിയിലെ മൂന്നാമത്തെ വളവില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡ് സൈഡിലെ തിട്ടയും മറികടന്ന് കൊക്കയിലേക്ക് മറിയുകയായിരുന്നു. ആദ്യഘട്ടത്തില്‍ യാത്രക്കാരും പ്രദേശ വാസികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയർ ഫോഴ്സും എത്തി.
തീർത്ഥാടകരില്‍ പ്രായമായവരും കുട്ടികളുമുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ബാക്കിയുള്ളവരെ പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രികളോട് തയ്യാറായി ഇരിക്കാന്‍ കോട്ടയം, പത്തനംതിട്ട ജില്ല ഭരണകൂടങ്ങളോട് നിർദേശിച്ചു.
ജില്ലാ പൊലീസ് മേധാവിയും കളക്ടറും ചേർന്ന് രക്ഷാ പ്രവർത്തനത്തിനുള്ള ഏകോപനം നടത്തി വരികയാണ്. പരിക്കേറ്റവരില്‍ മറ്റ് ചിലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രദേശത്തേക്ക് കൂടുതല്‍ ആംമ്പുലന്‍സും പൊലീസും എത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷപ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാനുള്ള ശ്രമം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വയർലെന്‍സ് സംവിധാനം ഉള്‍പ്പടേയുള്ളവരെ അപകട സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്. നേരത്തെയും അപകടം നടന്ന പ്രദേശമാണ് ഇത്. അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. വാഹനത്തില്‍ നിന്നും എല്ലാവരേയും പുറത്തെടുത്തതായാണ് വിവരം. എങ്കില്‍ ആരെങ്കിലും അകപ്പെട്ടുപോയോ എന്ന് അറിയാനായി ഒരിക്കല്‍ കൂടി പരിശോധന നടത്തുകയാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications