ശബരിമലയില്‍ പ്രതിഷേധം ശക്തമാക്കണമെന്ന് അമിത് ഷാ.... തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ നിര്‍ദേശം!!
Recommended Video

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനത്ത് നടത്തി വരുന്ന സമരത്തില്‍ ഇടപെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിഷയം ആളിക്കത്തിക്കാനാണ് സംസ്ഥാന സമിതിയോടും നേതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍എസ്എസിന്റെയും മറ്റും അഭിപ്രായങ്ങള്‍ കാര്യമാക്കേണ്ടെന്നും പ്രക്ഷോഭം വോട്ടാക്കി മാറ്റാനുമാണ് നിര്‍ദേശം. ഇതോടെ ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രണ്ട് അഭിപ്രായങ്ങളാണ് ഉള്ളതെന്ന സംശയവും ശക്തമായിരിക്കുകയാണ്. ഇതുവരെ ശബരിമല വിഷയത്തില്‍ നിലപാടെന്താണെന്ന് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
അതേസമയം ബിജെപിക്ക് വീണുകിട്ടിയ അവസരമാണ് ശബരിമല പ്രതിഷേധമെന്നും നേതാക്കള്‍ കൂടുതല്‍ സജീവമാകണമെന്നും നിര്‍ദേശമുണ്ട്. വെള്ളാപ്പള്ള നടേശനും എസ്എന്‍ഡിപിയും അടക്കമുള്ളവരുടെ പ്രതിഷേധത്തെ കാര്യമാക്കാതെയാണ് ബിജെപി ശബരിമല വിഷയവുമായി മുന്നോട്ട് പോകുന്നത്.

അമിത് ഷായുടെ നിര്‍ദേശം
ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനുമാണ് അമിത് ഷായുടെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കാര്യകക്ഷമമായി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. കേരളത്തില്‍ പ്രത്യേകിച്ച് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന വക്താക്കളുടെ യോഗത്തില്‍ അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ പ്രധാനം
പ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ശബരിമല വിഷയത്തെ കുറിച്ച് അമിത് ഷാ പ്രത്യേകം എടുത്ത് പറഞ്ഞത്. രാജ്യത്തെ മൊത്തം ബാധിക്കുന്ന വിഷയമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശബരിമല ശക്തമായ വിഷയമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചത്. ഇതില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ഇത് ബിജെപി ഏറ്റെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇനിയാണ് ബിജെപി കളിക്കേണ്ടത്
ശബരിമല വിഷയത്തില്‍ ഹിന്ദുവികാരം ആളിക്കത്തുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അതുകൊണ്ട് തന്നെ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യത്തില്‍ ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കണം. ഭക്തരെ പാര്‍ട്ടിക്ക് കീഴില്‍ അണിനിരത്തി വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. അതേസമയം സുപ്രീം കോടതി വിധി കേരളീയ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ സംസ്ഥാന സമിതി അംഗങ്ങളെ അമിത് ഷായെ അറിയിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നീക്കങ്ങള്‍
ബിജെപി ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് അമിത് ഷാ പറഞ്ഞു. ശബരിമല വിഷയം അതുവരെ സജീവമായി നിലനിര്‍ത്തണം. ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുകയും വലിയ ജനപങ്കാളിത്തം ഉണ്ടാകുകയും ചെയ്തിട്ടും ബിജെപിക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍ മെല്ലെപ്പോക്ക് സമീപനം ഉപേക്ഷിക്കാനും മണ്ഡലാടിസ്ഥാനത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് കേന്ദ്ര നിര്‍ദേശം.

മാധ്യമങ്ങളുമായി ബന്ധം ശക്തമാക്കണം
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുമായി ബന്ധം ശക്തമാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ഇടപെടലുകള്‍ വര്‍ധിപ്പിക്കണെന്നും അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ പദ്ധതികളുടെ അറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക വിഭാഗം ഓരോ സംസ്ഥാനത്തും ആരംഭിക്കും. രാഷ്ട്രീയ വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ വാര്‍ റൂമുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്ത്രീകളെ തടയില്ല
ഇത്രയൊക്കെ പറഞ്ഞിട്ടും എംടി രമേശ് ഈ നിലപാടിനെ എതിര്‍ക്കുന്ന സമീപനമാണ് എംടി രമേശ് സ്വീകരിച്ചത്. സ്ത്രീകളെ ബിജെപി തടയില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോകുമെന്ന ്‌തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് ശബരിമലയില്‍ തൊഴാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടത്. പമ്പയിലെ നിലവിലെ അവസ്ഥ വിശ്വാസികള്‍ക്ക് സൗകര്യപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റ് മാര്‍ച്ച്
എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ചാണ് സര്‍ക്കാരിനെതിരെ ഒരുങ്ങുന്നത്. ഒക്ടോബര്‍ പത്തിന് ഇത് ആരംഭിക്കും. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് കാല്‍നട യാത്ര സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥലത്തുനിന്നാണ് യാത്ര തുടങ്ങുക. സുപ്രീം കോടതി വിധിയില്‍ ധാര്‍മികമായി ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ്. ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകേണ്ട സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിക്കുന്നതെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications