അരവണപ്പായസത്തിൽ നിന്ന് ഏലയ്ക്കയെ സ്ഥിരമായി ഒഴിവാക്കിയേക്കും; കാരണം ഇതോ?
ശബരിമല: ശബരിമലയിലെ അരവണപ്പായസത്തിൽ നിന്ന് ഏലയ്ക്കയെ സ്ഥിരമായി ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഒരു വർഷമായി സന്നിധാനത്ത് ഉണ്ടാക്കി വിതരണം ചെയ്യുന്ന ഏലയ്ക്ക് ഇല്ലാത്ത അരണവണയെക്കുറിച്ച് പരാതികൾ ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് ദേവസ്വം സ്ഥിരമായി ഏലയ്ക്ക ഒഴിവാക്കാനുള്ള നിലപാടിലേക്ക് എത്തുന്നത്.
ഏലയ്ക്ക ഇല്ലാത്ത അരവണ ഉണ്ടാക്കാനുള്ള തീരുമാനം തുടരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കീടനാശിനി അംശം ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് അരവണയിൽ നിന്ന് ഏലയ്ക്ക ഒഴിവാക്കിയത്.

ഒരു കൂട്ട് അരവണയിൽ 320 കിലോ ഗ്രാം വസ്തുക്കളാണ് ചേർക്കുന്നത്. അരി, ശർക്കര, നെയ്യ്, പഴം, എന്നിവയാണ് കൂടുതലായി ഉണ്ടാവുക. ഇതിൽ മുക്കാൽ കിലോ മാത്രമാണ് ഏലയ്ക്ക ഉപയോഗിച്ചിരുന്നത്, ഒരു ദിവസം 200 കൂട്ട് അരവണയാണ് സന്നിധാനത്ത് ഉണ്ടാക്കുന്നത്.
കഴിഞ്ഞ ജനുവരി 12 ന് ആണ് കീടനാശിനി അംശം കണ്ടെത്തിയതിനെ തുടർന്ന് 6.65 ലക്ഷം അരവണ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെ ഏലയ്ക്ക ഇല്ലാതെ ഉണ്ടാക്കിയ ആദ്യ കൂട്ട് അരവണ വിതരണം ചെയ്തു.
ഏലയ്ക്കയുടെ പ്രശ്നം മൂലം മാറ്റിവെച്ച 6.65 ലക്ഷം ടിൻ അരവണ സന്നിധാനത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഈ അരവണ ഭക്ഷ്യയോഗ്യമാണ് എന്ന വിധി സുപ്രീംകോടതിയിൽ നിന്ന് വന്നപ്പോഴേക്കും കാലാവധി കഴിഞ്ഞിരുന്നു.












Click it and Unblock the Notifications