ശബരിമലയിലെ സ്വർണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എച്ച് വെങ്കിടേഷാണ് പ്രത്യേക സംഘത്തെ നയിക്കുക. വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് എസ്‍പി ഇന്ന്കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോര്‍ട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളതെന്നാണ് വിവരം. ഗൂഢാലോടനയുടെ തെളിവുകള്‍ കിട്ടിയെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കോടതി ഇപ്പോൾ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തിൽ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ദേവസ്വം മന്ത്രി രാജി വെക്കണം, വിഷയം സിബിഐ അന്വേഷിക്കണം, ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണം എന്ന് തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സർക്കാർ ശബരിമലയിൽ നടക്കുന്നത് കൂട്ടുകച്ചവടമാണെന്ന് വിമർശിച്ചു.

അംഗങ്ങളെ ചോദ്യം ഉന്നയിക്കാനായി സ്പീക്കർ ക്ഷണിച്ചതോടെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറും ബോർഡുകളുമായി നടുത്തളത്തിലിറങ്ങി. ശരണം വിളികളുമായി പ്രതിപക്ഷം സ്പീക്കറെ മറച്ച് 'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്ന ബാനർ പിടിക്കുകയും ചെയ്തു. ഇതോടെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണപക്ഷവും കസേരകളിൽനിന്ന് എഴുന്നേറ്റ് നിന്ന് പ്രതിരോധിച്ചു.
പ്രതിപക്ഷ നേതാവ് അംഗങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രവണത രാജ്യത്ത് ഒരിടത്തും ഇല്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും വ്യക്തമാക്കി. ബാനർ താഴ്ത്തി പിടിക്കണമെന്നും ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും സ്പീക്കർ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ പ്രതിഷേധം നിയന്ത്രിക്കാനാകാതെ വന്നതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി സഭ അല്‍പനേരത്തേക്ക് പിരിഞ്ഞു.
ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്ന ആവശ്യവും ഒരുഘട്ടത്തില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ പരിഗണിക്കാനാവില്ലെന്ന് സ്പീക്കറും സർക്കാരും വ്യക്തമാക്കി. എന്തായാലും വിഷയത്തില്‍ വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ദ്വാരപാലക ശില്പ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള നിഗമനത്തിലേക്കാണ് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം എത്തി നില്‍ക്കുന്നത്. സ്വർണ്ണപ്പാളി മാറ്റിയെന്ന കാര്യം ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നാണ് വിലയിരുത്തല്‍. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തെലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
2019 ൽ ഉണ്ടായിരുന്ന സ്വർണപ്പാളികളുമായി ഒത്തുനോക്കിയ ഫോട്ടോ പരിശോധനയിലാണ് സ്വർണ്ണപ്പാളി മാറ്റിയെന്ന നിർണ്ണായക കണ്ടെത്തല്‍ നടത്താന്‍ സാധിച്ചിരിക്കുന്നത്. ദേവസ്വത്തിലെ വിദഗ്ദ്ധരില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സ് തേടി. കൂടുതൽ പരിശോധനയ്ക്കായി വിജിലൻസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാലപ്പഴക്ക നിർണയ പരിശോധനകൾക്കായിരിക്കും ദേവസ്വം വിജിലൻസ് ശുപാർശ നൽകുക.












Click it and Unblock the Notifications