ശബരിമല സ്വർണക്കൊള്ള; തന്ത്രിയായാലും മന്ത്രിയായാലും നടപടി വേണം; കുമ്മനം രാജശേഖരൻ
ശബരിമല സ്വർണക്കൊളളയിൽ തന്ത്രി കണ്ഠരര് രാജീവിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അതിൻ്റെ ശരിയായ ദിശയിൽ തന്നെ മുന്നോട്ട് പോകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും മന്ത്രിയായാലും തന്ത്രിയായാലും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുമ്മനം പറഞ്ഞു. അതേസമയം കവർച്ച ചെയ്യപ്പെട്ട സ്വർണ്ണം എവിടെയെത്തി, ആ പണം ആരുടെയൊക്കെ കൈകളിൽ എത്തി എന്നതുപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് അന്വേഷണം ഇതുവരേയും കടന്നുചെന്നിട്ടേയില്ലെന്നും കുമ്മനം ആരോപിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അതിൻ്റെ ശരിയായ ദിശയിൽ തന്നെ മുന്നോട്ട് പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിയമം നിയമത്തിൻ്റെ വഴിക്ക് പോകണം. കുറ്റവാളികൾ ആരായാലും, അവർ മന്ത്രിയായാലും തന്ത്രിയായാലും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇപ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഈ കേസിൽ ഇനിയും ഒരുപാട് സംശയങ്ങൾ ബാക്കിയാണ്.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഞങ്ങൾ കേട്ടു. എന്നാൽ പിന്നീട് എന്തുണ്ടായി എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. അതുപോലെ, ഈ കവർച്ച നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും എന്തുകൊണ്ട് ഇപ്പോഴും നിയമത്തിന് പുറത്തുനിൽക്കുന്നു? അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? ഈ അന്വേഷണത്തിൽ വലിയ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും സിപിഎം നേതാക്കളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും ഞങ്ങൾക്ക് സംശയമുണ്ട്. കവർച്ച ചെയ്യപ്പെട്ട സ്വർണ്ണം എവിടെയെത്തി, ആ പണം ആരുടെയൊക്കെ കൈകളിൽ എത്തി എന്നതുപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് അന്വേഷണം കടന്നുചെന്നിട്ടേയില്ല.
ഈ കേസിന് സംസ്ഥാനത്തിനകത്തും പുറത്തും ബന്ധങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് സിബിഐയോ ഇഡിയോ പോലുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുന്നതിനെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എന്തിനാണ് എതിർക്കുന്നത്? ഈ നിലപാട് തന്നെ സംശയാസ്പദമാണ്. മകരവിളക്ക് അടുത്തിരിക്കെ, ഭക്തജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. അതുകൊണ്ട്, നിലവിലെ അന്വേഷണ സംഘം എല്ലാ ദുരൂഹതകളും നീക്കി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിന് സാധിക്കുന്നില്ലെങ്കിൽ, അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാകണം.












Click it and Unblock the Notifications