ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജയറാം സാക്ഷി? എസ്‌ഐടിയുടെ നിര്‍ണായക നീക്കം
ചെന്നൈ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ് ഐ ടിയുടെ നിര്‍ണായക നീക്കം. നടന്‍ ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി എസ് ഐ ടി ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ജയറാമിനെ ചോദ്യം ചെയ്തത്. പോറ്റിയുമായി എങ്ങനെയാണ് ബന്ധം എന്നും ജയറാമിന്റെ വീട്ടില്‍ ദ്വാരപാലക ശില്‍പമെത്തിച്ച് പൂജ ചെയ്യാനുണ്ടായ സാഹചര്യമെന്താണ് എന്നും എസ് ഐ ടി ചോദിച്ചറിഞ്ഞു.
ശബരിമലയില്‍ വച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നത് എന്നാണ് ജയറാം എസ് ഐ ടിക്ക് നല്‍കിയ മൊഴി. പോറ്റി നിരവധി തവണ പൂജകള്‍ക്കായി വീട്ടില്‍ എത്തിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു. പോറ്റിയെ വിശ്വാസമായിരുന്നു എന്നും എന്നാല്‍ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല എന്നും ജയറാം മൊഴി നല്‍കി. പോറ്റി വിളിച്ചിട്ടാണ് കട്ടിളപാളി സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോള്‍ പങ്കെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

വാതില്‍പാളികള്‍ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നു. പാളികള്‍ വീട്ടിലെത്തി പൂജിക്കാന്‍ പോറ്റി തന്നെയാണ് ആവശ്യപ്പെട്ടത് എന്നും ജയറാം പറഞ്ഞു. പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം താരത്തെ വീണ്ടും ചോദ്യം ചെയ്തേക്കും. അതേസമയം സ്വര്‍ണക്കൊള്ളക്കേസില്‍ ജയറാമിനെ സാക്ഷിയാക്കാനാണ് എസ് ഐ ടിയുടെ നീക്കം.
2019 ല്‍ ആണ് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജിച്ചത്. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയത്. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷമാണ് പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ ചെയ്തത്.
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ രൂപത്തില്‍ ആക്കിയ ശേഷമായിരുന്നു പൂജ. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും ഗായകന്‍ വീരമണി എന്നിവരും പങ്കെടുത്തിരുന്നു. അതേസമയം ശബരിമലയിലെ സ്വര്‍ണപ്പാളി തന്റെ വീട്ടിലെത്തിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. അയ്യന്റെ മുതല്‍ കട്ടിട്ടുണ്ടെങ്കില്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വര്‍ണപ്പാളിയില്‍ പൂജ നടത്താനായത് തന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications