'തന്ത്രി ജയിലിലെങ്കിൽ മന്ത്രി വീട്ടിലെങ്ങനെ? ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ'
ഡൽഹി: ശബരിമലയിൽ ആചാരലംഘനം നടത്തി എന്നാണെങ്കിൽ ആദ്യം ജയിലിൽ അടയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വർണ്ണക്കൊള്ളക്കേസിൽ ബിജെപി ആരെയും സംരക്ഷിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
കോൺഗ്രസിനേയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സോണിയാ ഗാന്ധിയും ശബരിമല കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുളള ഫോട്ടോ പുറത്ത് വന്നതോടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് വിബിജിറാംജി പദ്ധതിക്കെതിരെ കോൺഗ്രസ് നുണപ്രചാരണം നടത്തുന്നത് എന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
''അയ്യപ്പ ഭക്തന്മാരുടെ വിശ്വാസവും മുഴുവന്‍ മലയാളികളുടെ വിശ്വാസവും ഞങ്ങള്‍ സംരക്ഷിക്കും. അത് 2018 മുതല്‍ ബിജെപി ചെയ്യുന്ന കാര്യമാണ്. ഞങ്ങള്‍ ആരെയും സംരക്ഷിക്കില്ല. തെറ്റ് ചെയ്തവര്‍ ജയിലില്‍ പോകണം. പക്ഷേ തന്ത്രിയെ ജയിലിലടക്കുമ്പോള്‍ മന്ത്രി എന്തുകൊണ്ട് വീട്ടില്‍ കഴിയുന്നു'', രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

ശബരിമല കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ ആചാരലംഘനമാണെങ്കില്‍ ആദ്യം ജയിലിടലക്കേണ്ടത് പിണറായി വിജയനെയാണ്. ആചാരലംഘനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആദ്യം എഫ്‌ഐആര്‍ എടുക്കെട്ടെ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ''ശബരിമല സ്വർണക്കൊള്ളയിലെ സോണിയാ ഗാന്ധിയുടെ പങ്ക് പുറത്തുവന്നതോടെ അതിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും- സോണിയാ ഗാന്ധിയും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നതോടെ കോൺഗ്രസ് പ്രതിരോധത്തിലാണ്. ഇതിൽ നിന്നും ശ്രദ്ധതിരിക്കാനാണ് വിബിജിറാംജിയെക്കുറിച്ച് കോൺഗ്രസ് നുണപ്രചരണം നടത്തുന്നത്. തൊഴിലുറപ്പിനെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്ന നടപടിയാണ് വിബിജിറാംജിയിലൂടെ സ്വീകരിച്ചിരിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ച് കോൺഗ്രസ് നടത്തുന്ന പ്രചരണം ജനം തിരിച്ചറിയും'', രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
''2014 മുതല്‍ കോൺഗ്രസ് നുണപറഞ്ഞ് ജയിക്കാന്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഓരോ നുണകളും തള്ളിയ ജനങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാരിനെതിരെ നുണ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. 2.03 ലക്ഷം കോടി രൂപ മാത്രമാണ് യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിച്ചതെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയത് 7.83 ലക്ഷം കോടി രൂപയാണ്. വിബിജിറാംജിയിലൂടെ 100 തൊഴില്‍ ദിനങ്ങള്‍ 125 ആയി വർദ്ധിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വരുമാനം 25% വര്‍ദ്ധിക്കും''. വിബിജിറാംജിയിലൂടെ പണം നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ വരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.












Click it and Unblock the Notifications