ശബരിമലയില്‍ നാളെ മറ്റന്നാളും കൂടുതല്‍ നിയന്ത്രണങ്ങള്‍: വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 60000 വരെ മാത്രം
പത്തനംതിട്ട: ശബരിമലയില്‍ ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍. മണ്ഡല പൂജയോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായിട്ടുമാണ് നിയന്ത്രണം. 25, 26 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. സ്‌പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി.
25ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയില്‍നിന്ന് പരമ്പരാഗത തീര്‍ത്ഥാടന പാതയിലൂടെ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് വൈകിട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച ഒരുലക്ഷം കവിഞ്ഞു. 106621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22769 പേരും പുൽമേട് വഴി 5175 പേരുമാണ് എത്തിയത്.തിങ്കളാഴ്ച വരെ 3078049 ഭക്തരാണ് എത്തിയത്.
കഴിഞ്ഞ വർഷത്തേക്കാൾ 445908 പേർ കൂടുതൽ. കഴിഞ്ഞവർഷം ഈ കാലയളവു വരെ 2641141 പേരാണ് എത്തിയത്.ഇത്തവണ സ്‌പോട്ട് ബുക്കിങ് വഴി 533929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. കഴിഞ്ഞവർഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57854 പേരാണ്.
അതേസമയം, നാളെ ഉച്ചയ്ക്ക് ഒന്നോടെ പമ്പയിലെത്തുന്ന തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ആറന്മുളയിൽ നിന്ന് 22നു സന്നിധാനത്തെയ്ക്ക് തിരിച്ച തങ്കഅങ്കി ഘോഷയാത്ര 74ഓളം സ്വീകരണ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റവാങ്ങി നാളെ വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പായി സന്നിധാനത്തെത്തും. തുടർന്ന് തങ്ക അങ്കിചാർത്തി ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്ക് 12നും 12.30 നും ഇടയ്ക്കായിരിക്കും മണ്ഡലപൂജ നടക്കുക.












Click it and Unblock the Notifications