ശബരിമല മുള്‍മുനയില്‍; 2000 യുവാക്കളെ വിന്യസിച്ചു; പോലീസ് ഇടപെട്ടാല്‍ യുദ്ധക്കളമാകും
കോട്ടയം: തുലാമാസ പൂജയ്ക്ക് ശേഷം നടയടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ശബരിമലയില്‍ എന്തും സംഭവിക്കാം എന്ന സാഹചര്യം. യുവതികള്‍ ദര്‍ശനത്തിന് വേണ്ടി എത്തിയതോടെ എന്തുവില കൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം യുവാക്കളാണ് ശബരമലിയിലും സമീപ പ്രദേശങ്ങളിലും തമ്പടിച്ചിട്ടുള്ളത്.
യുവതികളെയും പോലീസിനെയും പ്രതിരോധിക്കാനായി 2000 ത്തിലധികം യുവാക്കളെ വിന്യസിച്ചിട്ടുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. ഇവരെ തിരിച്ചയക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതീ പ്രവേശനം നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സംഘപരിവാര സംഘടനകള്‍ നിയോഗിച്ച ഈ യുവാക്കളുടെ ലക്ഷ്യം. തിങ്കളാഴ്ച അഞ്ച് യുവതികളെയാണ് ഇവര്‍ തടഞ്ഞത്. വിവരങ്ങള്‍ ഇങ്ങനെ....

യുവാക്കളെ ഇറക്കി
തിങ്കളാഴ്ച രാത്രി പത്തോടെ നടയടയ്ക്കും. ഏഴ് മണിക്ക് ശേഷം ആരെയും മലകയറാന്‍ അനുവദിക്കില്ല. അതിനിടെയാണ് എന്തുവില കൊടുത്തും യുവതികളെ തടയുമെന്ന് പ്രഖ്യാപിച്ച് സംഘപരിവാര സംഘടനകള്‍ യുവാക്കളെ ഇറക്കിയിരിക്കുന്നതത്രെ. ശബരിമലയിലും സമീപ പ്രദേശങ്ങളിലുമാണ് ഇവര്‍ തമ്പടിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന് വിവരം ലഭിച്ചു
തമ്പടിച്ച യുവാക്കളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ തിരിച്ചയക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ചാല്‍ പ്രതിരോധിക്കാന്‍ തന്നെയാണ് യുവാക്കളുടെ തീരുമാനം. യുവതികളെ പ്രവേശിപ്പിച്ച് കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നീക്കം. യുവതികളെ പ്രവേശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംഘപരിവാര സംഘടനകളുടെ വിജയമായി അത് വ്യാഖ്യാനിക്കപ്പെടും.

കൂടുതല്‍ പോലീസ് എത്തി
ഡിവൈഎസ്പി, സിഐമാരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാരെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ദുരൂഹ സാഹചര്യത്തില്‍ തമ്പടിച്ച് നില്‍ക്കുന്നവരെ തിരിച്ചയക്കുകയാണ് പോലീസ് ലക്ഷ്യം. പോലീസ് സംരക്ഷണയില്‍ വന്ന യുവതികള്‍ക്ക് പ്രതിഷേധം കാരണം തിരിച്ചുപോരേണ്ടി വന്നു. തിങ്കളാഴ്ച അഞ്ച് യുവതികളെയാണ് തിരിച്ചയച്ചത്.

നേതാക്കള്‍ സന്നിധാനത്ത്
ബിജെപി, വിഎച്ച്പി, യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന ചെറുസംഘടനകള്‍ എന്നിവയുടെ പ്രധാന നേതാക്കളില്‍ ചിലര്‍ സന്നിധാനത്തുണ്ട്. യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇവര്‍ ഇടപെട്ടേക്കും. സാഹചര്യം മോശമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്. സാഹചര്യം മോശമാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അഞ്ച് യുവതികള്‍ വന്നു
തിങ്കളാഴ്ച അഞ്ച് യുവതികളാണ് അയ്യപ്പ ദര്‍ശനത്തിന് ശ്രമിച്ചത്. അന്ധ്രപ്രദേശില്‍ നിന്നുള്ള നാല് പേരും ഒരു കോട്ടയം സ്വദേശിനിയും. ആന്ധ്രയില്‍ നിന്നുള്ള സംഘം മല കയറിയെങ്കിലും പാതിവഴിയില്‍ വച്ച് പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങി. സംഘത്തിലെ മൂന്ന് പേരെ ഗുരുസ്വാമിമാരുടെ സംഘവും ഒരാളെ അയ്യപ്പ കര്‍മ സമിതിക്കാരുമാണ് തിരിച്ചയച്ചത്.

മുണ്ടക്കയം വഴി പോലീസ്
പോലീസ് സംരക്ഷണത്തിലാണ് അഞ്ച് പേരും അയ്യപ്പ ദര്‍ശനത്തിന് ശ്രമിച്ചത്. ഒരാളെ നീലിമയില്‍ വച്ചാണ് അയ്യപ്പ കര്‍മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. കോട്ടയം സ്വദേശി ബിന്ദു ടി വാസുവിനെയും വഴിയില്‍ തടഞ്ഞു. ഇവരെ എരുമേലിയില്‍ നിന്ന് മുണ്ടക്കയത്തേക്കാണ് പോലീസ് ആദ്യം കൊണ്ടുപോയത്. ശേഷം പമ്പയിലേക്ക് കൊണ്ടുപോകവെ വട്ടപ്പാറയില്‍ വച്ച് പിന്തുടര്‍ന്നുവന്നവര്‍ തടയുകയായിരുന്നു.

സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച
പോലീസ് ജീപ്പ് തടഞ്ഞതോടെയാണ് ബിന്ദുവിനെ പോലീസ് തിരിച്ചയച്ചത്. പോലീസ് ബിന്ദുവുമായി മുണ്ടക്കയത്തേക്ക് തന്നെ തിരിച്ചു. യുവതീ പ്രവേശനം അനുവദിച്ച സുപ്രീകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമെടുക്കും. വിധി റദ്ദാക്കണമെന്നും ആചാരണ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

ശബരി എക്‌സ്പ്രസില്‍ യുവതികള്‍ വരുന്നു
അതേസമയം, ശബരി എക്‌സ്പ്രസില്‍ യുവതികള്‍ അയ്യപ്പ ദര്‍ശനത്തിന് വേണ്ടി എത്തുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പോലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. യുവതികളെ തടയാന്‍ ഭക്തരും സംഘടിച്ചു. എന്നാല്‍ ശബരിമലയിലേക്ക് പോകാന്‍ യുവതികളാരും ചെങ്ങന്നൂരില്‍ എത്തിയില്ല.

കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന്
അതേസമയം, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ സമാപിക്കുന്ന തരത്തില്‍ കാല്‍നട ജാഥകള്‍ നടത്താനാണ് തീരുമാനം. രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാല്‍നട ജാഥനടത്താന്‍ തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നിയമനടപടി വരുന്നു
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വര്‍ഗീയ വികാരം ഇളക്കിവിടുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കൂടാതെ ശബരിലയിലേക്കെത്തിയ യുവതിക്കൊപ്പം സുരക്ഷയൊരുക്കാന്‍ പോയ ഐപിഎസ് ഉദ്യോഗസ്ഥനെതിരായ നിയമനടപടിയും കോണ്‍ഗ്രസ് ആലോചനയിലുണ്ട്.

പോലീസ് ആക്ട് പ്രകാരം നടപടി
പോലീസ് വേഷം യുവതിക്ക് നല്‍കിയ നടപടി കേരളീയ സമൂഹത്തെ നാണം കെടുത്തുന്നതാണ്. പോലീസ് യൂണിഫോം ദുരുപയോഗം ചെയ്താല്‍ എന്താണ് നടപടിയെന്ന് പോലീസ് ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോലീസ് ആക്ട് പ്രകാരം നടപടി വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications