'ശബരിമല രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കേണ്ട ഒന്നല്ല, യുഡിഎഫ് എംപിമാരുടെ നിലപാട് ദൗർഭാഗ്യകരം'; മുഖ്യമന്ത്രി
തിരുവനന്തപുരം: മണ്ഡലകാലത്തെ തിരക്ക് അനിയന്ത്രിതമായി വർധിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറത്തെ ചില അപകടങ്ങൾക്ക് കാരണമാകുമെന്ന് മുഖ്യമന്ത്രി. അത് മുന്നിൽ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീർഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്. കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളിൽ ശരാശരി 62,000 പേരായിരുന്നുവെങ്കിൽ ഇത്തവണ ഡിസംബർ 6 മുതലുള്ള 4 ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വർദ്ധിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ കേരളത്തിന് പുറത്തുനിന്നുള്ളവർ വലിയ തോതിൽ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആദ്യനാളുകളിൽ വരാൻ കഴിയാതിരുന്നവരും ഇപ്പോൾ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി, ദർശനസമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു.

സ്പോട്ട് ബുക്കിംഗ് വഴി ഏതാണ്ട് ഇരുപതിനായിരം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേർ വന്നു. എല്ലാം ചേർത്ത് ഒരു ദിവസം 1,20,000 ത്തിലധികം തീർത്ഥാടകർ എത്തുകയാണ്. പൊതു അവധി ദിവസങ്ങളിൽ തിരക്ക് വല്ലാതെ വർധിച്ചു. ഇതിന്റെ ഫലമായി ശബരിമലയിൽ എത്തിച്ചേരാൻ കൂടുതൽ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഇതാണ് അവിടെ സംഭവിച്ചത്.
പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേർക്കാണ് സാധാരണ നിലയിൽ ദർശനം സാധ്യമാവുക. എത്തിച്ചേരുന്നവരിൽ വയോജനങ്ങളും കുട്ടികളും പ്രായമായ സ്ത്രീകളും ഉണ്ട്. ഇവർക്ക് പടികയറാൻ അല്പം സമയം കൂടുതൽ വേണം. ഇത് മനസ്സിലാക്കിയാണ് വെർച്ച്വൽ ക്യു വഴിയുള്ള ദർശനം 80,000 ആയി ചുരുക്കിയത്.
തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ ഇന്നലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രത്യേക യോഗം വിളിച്ചു. സ്പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനമെടുത്തത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. കൂടുതൽ ഏകോപിച്ച സംവിധാനമൊരുക്കാനും തീരുമാനിച്ചു.
ശബരിമലയിലെ മണ്ഡലം മകരവിളക്ക് സീസൺ ഏറ്റവും സുഗമമാക്കി നടത്താനുള്ള ആസൂത്രണം സർക്കാർ നേരത്തെ തന്നെ തുടങ്ങിയതാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇടപടൽ ആണുണ്ടായത്. ശബരിമല രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ട ഒന്നല്ല. ഇതൊരു അവസരമായി എന്ന മട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടാൻ യു ഡി എഫ് എംപിമാർ പറഞ്ഞത് നിർഭാഗ്യകരമാണ്. ഒരു കാര്യത്തിലും ഒന്നിച്ചു നിൽക്കാൻ കേരളത്തിന് കഴിയുന്നില്ല എന്ന നില വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു












Click it and Unblock the Notifications