ശരണമുഖരിതം സന്നിധാനം: ഭക്തജനങ്ങള്‍ക്ക് തീർത്ഥാടന സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു
ശബരിമല: ഭക്തജനങ്ങള്‍ക്ക് ദർശന സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നു. തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ഒന്നരലക്ഷത്തോളം വരുന്ന ഭക്തർ ശരണം വിളികളോടെ മകരവിളക്ക് ദർശനം നടത്തി മലയിറങ്ങാന്‍ തുടങ്ങി. മകരവിളക്കിന് മുന്നോടിയായി ശബരിമല സന്നിധാനവും വ്യൂ പോയിന്റുകളും തീർത്ഥാടകരാല്‍ നിറഞ്ഞു.
തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ നിന്നും ശബരിമല എക്സിക്യുട്ടീവ് ഓഫിസർ ബി മുരാരി ബാബുവിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോർഡ് അധികൃതർ വരവേറ്റ് സന്നിധാനത്തേക്ക് ആനയിച്ചു. 6.30 ന് പതിനെട്ടാംപടിയും കയറി എത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ തമിഴ്നാട് ഹിന്ദുമത ധർമ സ്ഥാപന വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് സോപാനത്ത് എത്തിയ പേടകത്തെ തന്ത്രി കണ്‌ഠര് രാജീവരും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി.

തുടർന്ന് ദീപാരാധനയ്ക്കായി നടയടച്ചു. അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോള്‍ അകാശത്ത് മകര നക്ഷത്രമുദിച്ചു. പിന്നാലെ പൊന്നമ്പല മേട്ടില്‍ 3 വട്ടം മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാർത്തിയ അയ്യപ്പനെ 17-ാം തിയതി വരെ ദർശിക്കാം. 18-ന് കളഭാഭിഷേകം ഉണ്ട്. 19-ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് ഉത്സവം സമാപിക്കും.
പരാതിരഹിതമായ ഒരു തീർത്ഥാടന കാലം കൂടിയാണ് ശബരിമലയില്‍ അവസാന ദിനങ്ങളിലേക്ക് കടക്കുന്നത്. സർക്കാറും ദേവസ്വം ബോർഡും നടത്തിയ കൃത്യമായ ഇടപെടലുകളും ക്രമീകരണങ്ങളും തീർത്ഥാടനം ആയാസരഹിതമാക്കി. സുരക്ഷയ്ക്കായി പൊലീസും വനംവകുപ്പും ആർ എ എഫും മറ്റുവകുപ്പുകളും ചേർന്ന് മികച്ച ക്രമീകരണം തന്നെ ഒരുക്കി. മകരജ്യോതി ദർശനം കഴിഞ്ഞ മടങ്ങുന്നവർ യാതൊരു വിധത്തിലുള്ള തിരക്ക് കൂട്ടാന്‍ പാടില്ലെന്നും പൊലീസ് അറിയിച്ചു.
പമ്പയിലും സമീപപ്രദേശങ്ങളിലും 5000 പൊലീസുകാരെ മാത്രം സുരക്ഷയ്ക്കായി വിന്യസിച്ചു. തിരുവാഭരണ ഘോഷയാത്ര പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാലും സുരക്ഷാ നടപടികളുടേയും ഭാഗമായി ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നത്. തീർത്ഥാടകർ മലയിറങ്ങുന്നതിന് അനുസരിച്ച് പമ്പയില്‍ കാത്ത് നില്‍ക്കുന്നവരെ മുകളിലേക്ക് കയറ്റി വിടും.












Click it and Unblock the Notifications