മകരവിളക്ക് ഇന്ന്; ശബരിമലയിലേക്ക് ഒഴുകി ഭക്തർ.. സന്നിധാനത്തും പരിസരത്തും കനത്ത സുരക്ഷ
തിരവനന്തപുരം: മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. രാത്രി 8.45നാണ് വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തില്‍ ഉണ്ടാകും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നടക്കും. മകര ജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തും മാത്രമായി ഒരു ലക്ഷത്തിലേറെ പേർ തമ്പടിച്ചിട്ടുണ്ട്.

പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയും വിശേഷാല്‍ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്.
തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍വെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടില്‍വെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ എം എസ് ജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിക്കും.
ശനിയാഴ്ച ഉച്ച 12 മണി വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തുമായി ലക്ഷക്കണക്കിന് ഭക്തരാണ് തമ്പടിച്ചിരിക്കുന്നത്. ജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.
അതേസമയം ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ(വ്യൂ പോയിന്റ്സ്) സുരക്ഷ ഉറപ്പാക്കിയതായി ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന കാഴ്ചയിടങ്ങള്‍ സന്ദര്‍ശിച്ച് അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു ജില്ലാ കളക്ടര്‍. പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങളാണ് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പാക്കിയത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍പ് തന്നെ എല്ലായിടങ്ങളിലും സൂക്ഷ്മ പരിശോധന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാരിക്കേടുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ ഭക്തര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോള്‍ തിരക്ക് കൂട്ടാതെ സാവകാശം ഇറങ്ങി വരുവാനും ഉദ്യോഗസ്ഥന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
തിരക്ക് കൂടുതലായതിനാല്‍ തീര്‍ഥാടകര്‍ക്ക് വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് അധികമായി സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനഞ്ചോളം പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ജില്ലയില്‍ മാത്രമായി ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യത്തിന് പുറമേ ഇടത്താവളങ്ങളിലും മകരവിളക്കിനായി പ്രത്യേകം കണ്ടെത്തിയിട്ടുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അവിടെനിന്ന് മറ്റു വാഹനങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ കെ എസ് ആർ ടി സിയുടെ അധിക ബസ് സര്‍വീസുകളും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 1000 ത്തോളം കെ എസ് ആർ ടി സി ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1400 പോലീസുകാരേയും വിന്യസിച്ചിട്ടുണ്ട്. എല്ലാ അയ്യപ്പഭക്തര്‍ക്കും മൂന്നു നേരം അന്നദാനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും സന്നദ്ധ പ്രവര്‍ത്തകരും ഭക്തജനങ്ങളും സഹകരണത്തോടെ പ്രവര്‍ത്തിച്ച് മകരവിളക്ക് ഉത്സവം സുഗമവും മംഗളകരവുമായി തീര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
മകരജ്യോതി ദർശിക്കാവുന്ന സ്ഥലങ്ങൾ ഇതൊക്ക
സന്നിധാനം, പാഞ്ചാലിമേട്, മരക്കൂട്ടം, മാളികപുറം, ശരംകുത്തി, പമ്പ, പാണ്ടിത്താവളം, പുല്ലുമേട്.












Click it and Unblock the Notifications