ശബരിമല മകരവിളക്ക് ഇന്ന്; പുല്ലുമേട്ടിൽ ഒരുക്കങ്ങൾ പൂർണം..നിലയ്ക്കലിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം
ശബരിമലയിൽ മകരവിളക്ക് ഇന്ന്. പൊന്നമ്പലമേട്ടിൽ വൈകീട്ടോടെ മകരജ്യോതി ദൃശ്യമാകും. രണ്ട് ലക്ഷത്തോളം ഭക്തർ ഇന്ന് ദർശനം നടത്തുമെന്നാണ് വിലയിരുത്തൽ. മകരള വിളക്ക് കാണാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദർശനം സാധ്യമാക്കാൻ എല്ലായിടത്തും പർണശാലകൾ ഒരുക്കിയിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര കളിഞ്ഞ് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും.. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുക. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് അറിയിച്ചു. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. നിലയ്ക്കലിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. അതേസമയം മകരജ്യോതി ദർശനത്തിനായി ജില്ല പൂർണ്ണസജ്ജമായതായി ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ കളക്ടർ വിലയിരുത്തി.
ഇത്തവണയും മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1200 പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 150 അധിക ഉദ്യോഗസ്ഥരേയും നിയോഗിച്ചു. കാഴ്ച കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം മകരവിളക്ക് ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിലും നിയന്ത്രണങ്ങൾ ഉണ്ട്. പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. കുമളി വഴി തിരക്ക് കൂടി കഴിഞ്ഞാൽ കമ്പംമെട്ട് വഴിയായിരിക്കും ഭക്തർക്ക് കേരളത്തിലേക്ക് പ്രവേശനം ഉണ്ടാകുക. കൂടാതെ കുമളി വഴിയും തിരികെ പോകാനാകും.












Click it and Unblock the Notifications