ശബരിമല: അമിതവിലയും ക്രമക്കേടും, ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും 20000 രൂപ പിഴ
പത്തനംതിട്ട: സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 20000 രൂപ പിഴയീടാക്കി. ഡിസംബർ 17 മുതൽ സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ കീഴിൽ രൂപീകരിച്ച പുതിയ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾക്ക് പിഴ ചുമത്തിയത്.
റവന്യു, ലീഗൽ മെട്രോളജി, ആരോഗ്യ വകുപ്പ്, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌ക്വാഡിൽ പ്രവർത്തിക്കുന്നത്. അമിതവില ഈടാക്കിയ രണ്ടു പാത്രക്കടകൾക്ക് 5000 രൂപ വീതവും അമിതവില ഈടാക്കിയ ശരംകുത്തിയിലെ ഹോട്ടലിന് 5000 രൂപയും, മുദ്ര പതിപ്പാക്കാത്ത ത്രാസ് ഉപയോഗിച്ചു കച്ചവടം നടത്തിയ സന്നിധാനത്തെ വ്യാപാരസ്ഥാപനത്തിന് 2000 രൂപയും ശരംകുത്തിയിലെ മറ്റൊരു ഹോട്ടലിന് 3000 രൂപയും ഉൾപ്പെടെയാണ് 20000 രൂപ പിഴ ഈടാക്കിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരം പാകം ചെയ്യുന്ന കടകൾ കണ്ടെത്തിയതിനെത്തുടർന്നു കർശനനടപടിക്കു ഭക്ഷ്യ സുരക്ഷാ ഓഫീസർക്കു നിർദേശം നൽകി.

വിലനിലവാരം, വൃത്തി, ഗുണനിലവാരം, ഹോട്ടൽ ജീവനക്കാരുടെ ആരോഗ്യകാർഡ്, അളവ് തൂക്കത്തിലെ കൃത്യത, വില പ്രദർശിപ്പിക്കൽ എന്നിവ പരിശോധിച്ചു വീഴ്ച വരുത്തിയ ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിച്ചു. അനധികൃതമായി പ്രവർത്തിച്ച ബാറ്ററി ചാർജിങ് കേന്ദ്രത്തിന്റെ പെർമിറ്റ് റദ്ദാക്കാൻ നിർദേശം നൽകി. സന്നിധാനത്തും പരിസരങ്ങളിലും അനധികൃതമായി പ്രവർത്തിച്ച ലോട്ടറി കച്ചവടക്കാരിൽനിന്നു ലോട്ടറി പിടിച്ചെടുത്തശേഷം താക്കീതു ചെയ്തു. അയ്യപ്പഭക്തന്മാരെ ചൂഷണം ചെയ്യുന്നതോ നിയമലംഘനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ടി. മുരളി അറിയിച്ചു.
സന്നിധാനവും പരിസരവും പല മേഖലകളായി തിരിച്ചു സാനിറ്റേഷൻ സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ പോലീസ് ബാരക്കിലേക്ക് പോകുന്ന വഴിയുടെ വശത്തായി കൂട്ടിയിരിട്ടിരുന്ന മാലിന്യങ്ങൾ മുഴുവനും ജെ സി ബി ഉപയോഗിച്ചു നീക്കം ചെയ്തു. അടഞ്ഞു കിടന്ന ഓടകൾ വൃത്തിയാക്കിയും മാലിന്യങ്ങൾ നീക്കിയും സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്.
ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ
(22.12.2022)
.........
പുലർച്ചെ 2.30ന് പള്ളി ഉണർത്തൽ
3 ന്.... നട തുറക്കൽ.. നിർമ്മാല്യം
3.05 ന് ....അഭിഷേകം
3.30 ന് ...ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്......ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കൽ
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്... ദീപാരാധന
7 മണിമുതൽ പുഷ്പാഭിഷേകം
9.30 മണിക്ക് ...അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീർത്തനം പാടി 11.30 ന് ശ്രീകോവിൽ നട അടയ്ക്കും












Click it and Unblock the Notifications