പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാതെ ശബരിമല
പത്തനംതിട്ട:നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതം നോറ്റ് അയ്യപ്പന്റെ തിരു സന്നിധിയില്‍ എത്തുന്ന ഭക്തര്‍ക്ക് ദുരിതങ്ങള്‍ തന്നെ. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴും ശബരിമലയില്‍ പലയിടത്തും വൈദ്യുതി ഇല്ല. ശരണം വിളികളോടെ കാടും മലയും താണ്ടി ഭക്തര്‍ അയ്യപ്പ ദര്‍ശനം നടത്താന്‍ എത്തുമ്പോള്‍ വേണ്ട വിധത്തിലുള്ള സൗകര്യങ്ങള്‍ പോലും ഇല്ലാ എന്നതാണ് വാസ്തവം. അയ്യപ്പസന്നിധിയില്‍ വെളിച്ചമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്നത്.
തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്നായിരുന്നു ദേവസ്വം ബോര്‍ഡ് നേരെത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നടതുറന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും അയ്യപ്പ സന്നിധി പ്രദേശം പൂര്‍ണ്ണമായും ഇരുട്ടില്‍ തന്നെയാണ്. പരാതികള്‍ ശക്തമായി ഉയര്‍ന്നപ്പോഴാണ് ഇവര്‍ ഇരുട്ടില്‍ നിന്ന് ചെറിയ രീതിയില്‍ ഉണര്‍ന്നത്. കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ വൈദ്യുതി നല്‍കാനുള്ള നടപടി ആരംഭിച്ചു.

വൈദ്യുതിക്ക് പുറമെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ല എന്നതും ദുഷ്‌കരം തന്നെ. കോടികള്‍ കാണിക്കയിനത്തില്‍ ലഭിക്കുന്ന ശബരിമലയില്‍ ഇത്തരത്തിലുള്ള പരാതി വളരെ ദയനീയമാണ്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തത് ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയാണെന്നും തീര്‍ത്ഥാടകര്‍ ആരോപിക്കുന്നു.
ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകളില്‍ തീര്‍ഥാടകര്‍ക്ക് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും തീവണ്ടികളില്‍ മെച്ചപ്പെട്ട ഭക്ഷണം വിതരണം ചെയ്യുന്നതിന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ അറിയിച്ചിരുന്നു. തീര്‍ഥാടകരെ സഹായിക്കുന്നതിനായി ആര്‍.പി.എഫ് ഹെല്‍പ്പ്‌ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുമെന്നുമുള്ള എല്ലാ വാഗ്ദാനങ്ങളും അധികൃതര്‍ നടത്തിയിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രാഥമിക സൗകര്യങ്ങളില്‍ പോലും കൃത്യത വരുത്തിയില്ല എന്നത് ദയനീയമായ കാഴ്ച തന്നെ.












Click it and Unblock the Notifications