കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡലകാലത്ത് ശബരിമലയില്‍ വനം വകുപ്പിന്റെ കനത്ത ജാഗ്രത

Google Oneindia Malayalam News

ശബരിമല:മണ്ഡലകാലത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസരങ്ങളിലും വനം വകുപ്പ് പുലര്‍ത്തുന്നത് കനത്ത ജാഗ്രത. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രിത തോതിലെത്തുന്ന ഭക്തരെ പുലര്‍ച്ചെയും രാത്രിയും കാനന പാതയില്‍ അനുഗമിക്കുന്നത് ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് വനം വകുപ്പ് നല്‍കുന്നത്. വനം വകുപ്പിന്റെ പെരിയാര്‍ വെസ്റ്റ് ഡിവിഷനിലെ പമ്പ റേഞ്ചിന് കീഴിലാണ് സന്നിധാനവും പരിസരവും ഉള്‍പ്പെടുന്ന മല നിരകള്‍.

പമ്പയില്‍ സ്ഥിതിചെയ്യുന്ന സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഡിഎഫ്ഒ റാങ്കിലുള്ള ഒരു ഫോറസ്റ്റ് സ്‌പെഷല്‍ ഓഫീസര്‍ക്കാണ് ഈ ഓഫീസിന്റെ ചുമതല. ഇതിന് കീഴില്‍ പമ്പയിലും സന്നിധാനത്തുമായി രണ്ട് കണ്‍ട്രോള്‍ റൂമുകളും രണ്ട് റേഞ്ച് ഓഫീസര്‍മാരുമുണ്ട്. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി കരിമല, നാലാംമൈല്‍, സന്നിധാനം എന്നിവിടങ്ങളില്‍ മൂന്ന് ഔട്ട് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍ എന്നിവര്‍ സ്ഥിരം ഡ്യൂട്ടിയിലുള്ളവരാണ്. മണ്ഡലകാലത്തെ തിരക്കിനോട് അനുബന്ധിച്ച് ആവശ്യാനുസരണം ഈ ഓഫീസുകളില്‍ അധിക സേനയെ വിന്യസിക്കും.

sabarimala

സന്നിധാനത്തെ കണ്‍ട്രോള്‍ റൂമില്‍ സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ പത്തോളം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും വാച്ചര്‍മാരും ഈ മണ്ഡലകാലത്ത് സ്‌പെഷല്‍ ഡ്യൂട്ടിയിലുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന് കീഴില്‍ വരുന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട റേഞ്ചുകളില്‍ നിന്നുള്ളവരെ 15 ദിവസം വീതം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടേക്ക് സേവനത്തിന് നിയോഗിക്കുന്നത്. പരിശീലനം സിദ്ധിച്ച എലഫന്റ് സ്‌ക്വാഡ്, പാമ്പ് പിടിക്കുന്ന ജീവനക്കാരന്‍ എന്നിവരും സംഘത്തിലുണ്ടാവും. ഇതോടൊപ്പം തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളും ഉപകരണങ്ങളും സന്നിധാത്തെ കണ്‍ട്രോള്‍ റൂമില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഈ മണ്ഡല കാലത്ത് ഭക്തരുടെ തിരക്കില്ലാത്തതിനാല്‍ പലപ്പോഴും വന്യമൃഗങ്ങള്‍ കാനന പാതയിലിറങ്ങുന്ന സംഭവമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പമ്പയില്‍ നിന്ന് പുലര്‍ച്ചെ നാല് മണിക്ക് ആദ്യം പുറപ്പെടുന്ന ഭക്തരോടൊപ്പം പമ്പയില്‍ നിന്നുള്ള വനം വകുപ്പ് സംഘം ചരല്‍മേട് വരെയും, തുടര്‍ന്ന് നടപ്പന്തല്‍ വരെ സന്നിധാത്ത് നിന്നുള്ള സംഘവും അനുഗമിക്കും. നടയടച്ച ശേഷം രാത്രി പത്തരയോടെ ഇതേ രീതിയില്‍ സംരക്ഷണം നല്‍കിയാണ് ഭക്തരെ പമ്പയില്‍ തിരിച്ചെത്തിക്കുന്നത്.
ഇതോടൊപ്പം മരക്കൂട്ടം, ഉരക്കുഴി, പാണ്ടിത്താവളം, സന്നിധാനത്തേക്ക് ശുദ്ധജലമെത്തിക്കുന്ന കുന്നാര്‍ ഡാം തുടങ്ങിയ ഭാഗങ്ങളിലെല്ലാം സദാസമയവും നിരീക്ഷണമുണ്ട്. ഇതിന് പുറമേ സന്നിധാനത്തിന് സമീപം നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പാമ്പ് പിടിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടിയ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്. ഇതിനായുള്ള ഉപകരണങ്ങളുമുണ്ട്. ഈ മണ്ഡല കാലത്ത് ഇതുവരെ 75 വിഷ പാമ്പുകളെ പിടികൂടി ഉള്‍വനത്തില്‍ തുറന്ന് വിട്ടു.

സീസൺ‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദ്ദേശാനുസരണം സന്നിധാനത്ത് നിന്നും 45 കാട്ടുപന്നികളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിരവധി ഭക്തര്‍ക്ക് പന്നിയുടെ ഉപദ്രവത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് നടപടി. ഇതോടൊപ്പം കാനന പാതയിലുള്‍പ്പെടെ അപകടാവസ്ഥയിലായ മരങ്ങള്‍ ഉന്നത വനം വകുപ്പ് ഓഫീസില്‍ നിന്നുള്ള ഉത്തരവിനെ തുടര്‍ന്ന് മുറിച്ച് മാറ്റിയിരുന്നു.
മണ്ഡലകാലത്തല്ലാത്തപ്പോള്‍ മിക്കവാറും വന്യമൃഗങ്ങള്‍ കാനന പാതയിലും നടപ്പന്തലിലുമെത്തും. പുലി, ആന, പോത്ത് എന്നിവയുള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ടാവും. ഇവയെ നിരീക്ഷിക്കുന്നതിനുള്ള ക്യാമറാ സംവീധാനവും വനം വകുപ്പിനുണ്ട്.

English summary
sabarimala news, covid 19, sabarimala pilgrims, devotees, corona virus, forest department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X