ശബരിമല സംഘർഷം; ഇതുവരെ അറസ്റ്റിലായത് 3505 പേർ, 210 പ്രതികളുടെ ഫോട്ടോ കൂടി പുറത്ത്
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം തടയുന്നതിന്റെ ഭാഗമായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 35,05 ആയി. 122 പേർ റിമാൻഡിലാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 529 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്,.
ഞായറാഴ്ച മാത്രം 160 പേരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 12 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കലാപശ്രമം, പോലീസിനെ ആക്രമിക്കൽ, നിരോധനാഞ്ജ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ശബരി സംഘർഷത്തിൽ പങ്കെടുത്ത 210 പേരുടെ ഫോട്ടോ കൂടി പോലീസ് പുറത്തുവിട്ടു.

സന്നിധാനത്തെ സംഘർഷം
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായ പശ്ചാത്തലത്തിൽ സ്ത്രീകൾ ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു. സ്ത്രീ പ്രവേശനം അനുവദിച്ചാൽ അത് ആചാരലംഘനമാണെന്ന് വാദിച്ചായിരുന്നു ശബരിമലയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസ് സുരക്ഷയോടെ സ്ത്രീകൾ സന്നിധാനത്തേയ്ക്ക് എത്താൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോകേണ്ടിവന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് സന്നിധാനത്തും പരിസരത്തും ഉണ്ടായത്.

ഹർത്താൽ ദിനത്തിലും
പമ്പയിലും, നിലയ്ക്കലിലും, സന്നിധാനത്തും നടന്ന സംഘർഷങ്ങൾക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന സംഘർഷങ്ങളിലും കേസെടുത്തിരുന്നു. ശബരിമല സംഘർഷത്തിൽ പങ്കുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത്.

ചിത്രങ്ങൾ പുറത്ത് വിട്ടു
പമ്പ, നിലയ്ക്കൽ സംഘർഷങ്ങളിൽ പങ്കെടുത്ത 220 പേരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. വീഡിയോ ദൃശൃങ്ങളിൽ നിന്നാണ് ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചത്. സ്ത്രീകളെ അസഭ്യം പറഞ്ഞതിനും, ജാതിപ്പേര് വിളിച്ചതിനും, സ്ത്രീകൾക്ക് നേരെ കയ്യേറ്റം ശ്രമം നടത്തിയതിനും ഏതാനും പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണ സംഭവത്തിൽ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങൾ കൂടി പോലീസ് പുറത്തുവിട്ടു. എല്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും തുടർ നടപടികൾക്കായി ചിത്രങ്ങൾ അയച്ചു നൽകി.

സ്ത്രീകൾക്കെതിരെ നടപടി
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. വിധിക്കെതിരെ പ്രതിഷേധിക്കാൻ സ്ത്രീകൾ തന്നെയായിരുന്നു മുൻപന്തിയിൽ നിന്നിരുന്നത്. പ്രാർത്ഥനാ യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്നാണ് ഡിജിപിയുടെ നിർദ്ദേശം. അക്രമസംഭവങ്ങളിൽ നേരിട്ട് പങ്കാളിയായവർക്ക് എതിരെ മാത്രമാണ് നടപടി.

ഹൈക്കോടതിയുടെ വിമർശനം
അതേസമയം ശബരിമലയിലെ സംഘർഷങ്ങളുടെ പേരിൽ കൂട്ട അറസ്റ്റ് നടത്തിയ സർക്കാർ നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാം, പക്ഷേ അത് ഭീതി പടർത്താനാകരുതെന്ന് കോടതി വ്യക്തമാക്കി. അക്രമസംഭവങ്ങളിൽ ബന്ധമില്ലാത്തവരെ ഉപദ്രവിച്ചാൽ കനത്ത പിഴ നൽകേണ്ടി വരുമെന്നും കോടതി പോലീസിനെ താക്കീത് ചെയ്തിരുന്നു.

സർക്കാർ മുന്നോട്ട്
മണ്ഡല- മകര വിളക്ക് സീസണിൽ കൂടുതൽ സ്ത്രീകൾ സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായി ദർശനം നടത്താനുളള സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. 5000ത്തോളം പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം. കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഒരു ദിവസത്തിൽ കൂടുതൽ സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്നും സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications