ശബരിമല സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം; നൂറോളം പേർക്കെതിരെ കേസെടുത്തു
Recommended Video

സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണം വിളിച്ച നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. നാലുപേരുടെ നേതൃത്വത്തിലായിരുന്നു സന്നിധാനത്ത് നാമജപപ്രതിഷേധം നടന്നത്. ഇവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളുലെ നിരോധനാജ്ഞ നാലു ദിവസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ ലംഘിച്ചതുൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയോടെ സന്നിധാനത്തെ വടക്കേനട ഭാഗത്തേയ്ക്ക് നാമജപവുമായി ഒരുകൂട്ടം ആളുകൾ എത്തുകയായിരുന്നു. പോലീസ് തടഞ്ഞതോടെ പതിനഞ്ച് മിനിറ്റോളം വടക്കേനടയിൽ കൂടിനിന്ന് ഇവർ നാമജപപ്രതിഷേധം നടത്തുകയായിരുന്നു. ഈ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറന്ന ശേഷം ഇതുവരെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 40 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications