ബിജെപി സമരവേദിയില്‍ സിപിഎം നേതാവിന്റെ കൊച്ചുമകന്‍; എത്തിയത് അമ്മയ്‌ക്കൊപ്പം, രാഷ്ട്രീയമാറ്റം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും കൊമ്പുകോര്‍ക്കുന്നതിനിടെ ബിജെപിയുടെ സമരവേദിയില്‍ മുതിര്‍ന്ന സിപിഎം നേതാവിന്റെ കൊച്ചുമകന്‍ പങ്കെടുത്തു. സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ആണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പങ്കെടുക്കുന്ന പ്രതിഷേധത്തില്‍ പങ്കാളിയായത്. കുട്ടിയുടെ അമ്മ തന്നെയാണ് സമരവേദിയില്‍ എത്തിച്ചതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ പോലീസ് അതിക്രമം കാണിച്ചുവെന്നാരോപിച്ചാണ് ബിജെപിയുടെ സമരം. ഡിജിപി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കാണ് ലോറന്‍സിന്റെ കൊച്ചുമകന്‍ പങ്കെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥിയാണ് മിലന്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് താന്‍ സമരത്തിനെത്തിയതെന്ന് മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ പറഞ്ഞു. ഏത് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സമരത്തില്‍ പങ്കെടുത്തത് വ്യക്തിപരമായ തീരുമാനമാണ്. വീട്ടുകാര്‍ ആരും എതിര്‍ത്തില്ലെന്നും മിലന്‍ പറഞ്ഞു.
കുട്ടിയുടെ അമ്മ തന്നെയാണ് സമരവേദിയില്‍ എത്തിച്ചതെന്ന് ശ്രീധരന്‍ പിള്ള വിശദീകരിച്ചു. സിപിഎമ്മിന് പുതിയ തലവേദനയാകും ഈ സംഭവം. മുതിര്‍ന്ന പാര്‍ട്ടി നേതാവിന്റെ കുടുംബാംഗങ്ങള്‍ വരെ ബിജെപി പരിപാടിയില്‍ പങ്കെടുത്തത് മറുപക്ഷം എടുത്തിടുമെന്ന് തീര്‍ച്ച.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പോലീസ് നടപടിയോടുള്ള പ്രതിഷേധമാണ് പോലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ ബിജെപി സംഘടിപ്പിച്ചത്. എല്ലാ ജില്ലാ ആസ്ഥാനത്തും ഇന്ന് ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications