പിണറായി കഷ്ടിച്ച് ജയിച്ചത് ആർഎസ്എസിന്റെ വോട്ട് വാങ്ങി.. മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിലപാടിന്റെ കാര്യത്തിൽ കോൺഗ്രസ് ഏതെന്നും ബിജെപി ഏതെന്നും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. സ്ത്രീ പ്രവേശനം വേണ്ട എന്ന നിലപാടിലാണ് ഇരുവരും. ആദ്യം പ്രത്യക്ഷ സമരത്തിന് ഇല്ലെന്ന് നിലപാടെടുത്ത കോൺഗ്രസും ഇപ്പോൾ ജാഥകളുമായി തെരുവിലേക്ക് ഇറങ്ങിയിട്ടുണ്ട്.
ബിജെപിയുടേയും കോൺഗ്രസിന്റെയും ജാഥകൾ എവിടെ വെച്ചാണ് ഒന്നാകുക എന്ന് മാത്രം നോക്കിയാൽ മതി എന്നാണ് ഇരുകൂട്ടരേയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. എന്നാൽ കോൺഗ്രസിനല്ല, പിണറായിക്കാണ് ആർഎസ്എസിനോട് നന്ദിയും കടപ്പാടുമുളളത് എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

പകൽ കമ്മ്യൂണിസം, രാത്രി ആർഎസ്എസ്
ആർഎസ്എസ് ബന്ധം ആരോപിച്ച് പിണറായിയെ കടന്നാക്രമിച്ചിരിക്കുകയാണ് കെ മുരളീധരൻ. പകല്‍ മുഴുവന്‍ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രികാലങ്ങളില്‍ ആര്‍എസ്എസുമായി ബന്ധപ്പെടുന്ന പാരമ്പര്യമാണ് മുഖ്യമന്ത്രിക്കുളളതെന്ന് കെ മുരളീധരൻ തുറന്നടിച്ചു. അന്നത്തെ കോണ്‍ഗ്രസ്-ലീഗ് സഖ്യം തൂത്ത് വാരിയ തെരഞ്ഞെടുപ്പില്‍ കഷ്ടി രക്ഷപ്പെടാന്‍ പിണറായിക്ക് കഴിഞ്ഞത് ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയാണെന്നും മുരളീധരൻ ആരോപിച്ചു.

ആർഎസ്എസിനോട് സ്നേഹം
ആ നന്ദിയും സ്‌നേഹവും ഇപ്പോഴും പിണറായിക്ക് ആര്‍എസ്എസിനോടുണ്ട്. അല്ലെങ്കില്‍ ഇത്രയും വിവാദപരമായ പ്രസംഗം നടത്തിയ പിഎസ് ശ്രീധരന്‍ പിളളയെ എന്തുകൊണ്ടാണ് അറസ്‌ററ് ചെയ്യാന്‍ തയ്യാറാവാത്തത് എന്നും കെ മുരളീധരന്‍ ചോദിച്ചു. ശ്രീധരൻ പിളളയെ തൊടാൻ പിണറായിക്ക് ഭയമാണ്.പിണറായിയുടെ മനസ്സിന്റെ നിറം കാവിയാണ്.

ജയിച്ചത് ആർഎസ്എസ് സഹായത്തോടെ
കോണ്‍ഗ്രസുകാരുടെ അടിവസ്ത്രത്തിന്റെ നിറം നോക്കാന്‍ നടക്കുകയാണിപ്പോള്‍. 1977ലെ തെരഞ്ഞെടുപ്പില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായി ജയിച്ചു. അന്ന് പിണറായിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് ആര്‍എസ്എസ് ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. ശ്രീധരന്‍ പിളളയെ അറസ്റ്റ് ചെയ്യുകയാണ് എങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ സര്‍ക്കാരിനുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

കുമ്മനവുമായി കൂടിക്കാഴ്ച
2017 ഫെബ്രുവരിയില്‍ പല ദിവസങ്ങളിലും തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ടായിരുന്ന കുമ്മനം രാജശേഖരനുമായി പിണറായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. താന്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് അത് കണ്ണൂര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് എന്നായിരുന്നു. അവസാനം രഹസ്യം പരസ്യമായപ്പോള്‍ പത്രക്കാരോട് പറഞ്ഞു കടക്ക് പുറത്തെന്ന് എന്നും മുരളീധരന്‍ പരിഹസിച്ചു.

മാനസിക നില തെറ്റിയ പോലെ
മാനസിക നില തെറ്റിയ ആളെപ്പോലെയാണ് പിണറായി ഇപ്പോള്‍ സംസാരിക്കുന്നത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത പിണറായിക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങളെ എങ്ങനെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും മുരളീധരന്‍ ചോദിച്ചു. ശബരിമലയിലെ ആചാരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാചാരങ്ങളായി വ്യാഖ്യാനിക്കുകയാണ് എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ബിജെപിക്ക് ആളെക്കൂട്ടുന്ന പണി
ശബരിമലയില്‍ എവിടെയാണ് അവര്‍ണനെന്നും സവര്‍ണനെന്നും വ്യത്യാസമുളളത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമലയില്‍ ചില പ്രായത്തിലുളള സ്ത്രീകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിരിയിരിക്കുന്നത് അവിടുത്തെ പ്രതിഷ്ഠയുടെ പ്രത്യേകത കൊണ്ട് മാത്രമാണ്. ഇത് മനസ്സിലാക്കാതെ ബിജെപിക്ക് ആളെക്കൂട്ടുന്ന പണിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത് എന്നും കെ മുരളീധരന്‍ ആരോപിച്ചു.

കോൺഗ്രസ് പദയാത്ര
ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ തുരത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നടത്തുന്ന പദയാത്രയില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. മുരളീധരന്‍ നയിക്കുന്ന പദയാത്ര തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തില്‍ വര്‍ഗീയ പ്രചാരണം നടത്തിയതിന് മുഖ്യമന്ത്രിയുടെ പേരില്‍ കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വീഡിയോ
കെ മുരളീധരൻ നടത്തിയ പ്രസംഗം












Click it and Unblock the Notifications