ശബരിമല പ്രതിഷേധം; തൃപ്തി ദേശായി മടങ്ങി പോകണമെന്ന് പോലീസ്, കോടതിയെ സമീപിക്കുമെന്ന് തൃപ്തി
കൊച്ചി: ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ പോലീസും സര്‍ക്കാരും മുട്ടുമടക്കി. ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകണമെന്നും സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലും സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുള്ളതിനാലുമാണ് പോലീസ് പ്രതികരണം. സുരക്ഷ ഒരുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് തൃപ്തിയും പറഞ്ഞു. സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയില്‍ പോകുമെന്നാണ് തൃപ്തിയുടെ നിലപാട്.

സര്‍ക്കാര്‍ ആര്‍എസ്എസിനെ പോലെയാണ് പ്രതികരിക്കുന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ബിന്ദുവിനെതിരെ മുളക് സ്‌പ്രേ ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ട്.
തൃപ്തി ദേശായി പൂനെയില്‍ നിന്നാണ് വന്നതെന്നും ആര്‍എസ്എസിനും ബിജെപിക്കും സ്വാധീനമുള്ള സ്ഥലത്ത് നിന്ന് വന്ന അവരുടെ നീക്കത്തില്‍ സംശയമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു ചാനലിനെ മാത്രം അറിയിച്ചാണ് ഇവര്‍ എത്തിയതെന്നും തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, മുഖ്യമന്ത്രി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചാണ് വന്നതെന്ന് തൃപ്തി പറഞ്ഞു. സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് രേഖാമൂലം അറിയിച്ചാല്‍ മടങ്ങിപ്പോകുമെന്നും അവര്‍ പ്രതികരിച്ചു. തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തുന്ന വിവരമറിഞ്ഞ് വന്‍ പ്രതിഷേധമാണ് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്. നിലവില്‍ കമ്മീഷണര്‍ ഓഫീസിലാണ് തൃപ്തിയും സംഘവുമുള്ളത്. സംരക്ഷണം തേടിയാണ് സംഘം ഇവിടെ എത്തിയത്.












Click it and Unblock the Notifications