ശബരിമലയിൽ തിരക്കിന് നേരിയ ശമനം: പതിനെട്ടാംപടിയിലൂടെ മണിക്കൂറിൽ കയറിയത് 4000 പേർ
ശബരിമല: ശബരിമലയിൽ തിരക്കിന് ചെറിയ തോതിൽ ശമനം. പമ്പയിലേക്ക് തീർത്ഥാടകർ വന്നുകൊണ്ടിരിക്കയാണെങ്കിലും സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. നിലയ്ക്കലും സ്ഥിതി സാധാരണ നിലലയിലേക്ക് എത്തിത്തുടങ്ങി. ഗതാഗത കുരുക്കിനും ശമനമായിട്ടുണ്ട്. ഇതോടെ ബസ് സർവ്വീസും സാധാരണ നിലയിലെത്തി. തിരക്ക് നിയന്ത്രിക്കാൻ പോലീസ് കൂടുതൽ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് കുറവുണ്ടായത്.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തി. ചൊവ്വാഴ്ച 88,000 ഭക്തരാണ് ദർശനം നടത്തിയത്. പതിനെട്ടാം പടിയിലൂടെ മണിക്കൂറിൽ 40000 ന് മുകളിൽ ആളുകളെ കയറ്റാൻ തുടങ്ങിയതോടെ ആണ് ദർശനം പൂർത്തിയാക്കിയവരുടെ എണ്ണം ഉയർന്നത്.

മുൻ ദിവസങ്ങളിലേതിന് സമാനമായി സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെ 120000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. ഇത്രയും ആളുകളെ മല കയറാൻ അനുവദിക്കുന്നത് സുരക്ഷിതമല്ല എന്നാണ് പോലീസിന്റെ നിലപാട്. അതുകൊണ്ടാണ് പമ്പ മുതൽ നിയന്ത്രിച്ച് കടത്തിവിടുന്നത്.
അതേ സമയം, ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ സ്പോട് ബുക്കിംഗോ വെർച്വൽ ക്യൂ ബുക്കിംഗോ ഇല്ലാത്ത തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് അടക്കമുള്ള നിർദ്ദേശങ്ങൾ കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു.
തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കോടതി ഇന്നലെ സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിർദ്ദേശിച്ചിരുന്നു. തീർത്ഥാടകർക്ക് സൗകര്യം ഒരുക്കാൻ എൻ എസ് എസ്, എൻ സി സി വളന്റിയർമാരുടെ സേവനം കൂടി ഉപയോഗിക്കാം എന്ന് കോടതി പറഞ്ഞിരുന്നു.
പത്തനംതിട്ട ആർ ടി ഒയോട് നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. എത്ര വാഹനങ്ങൾ ഒരേ സമയം പാർക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച റിപ്പോർട്ട് പത്തനംതിട്ട ആർ ടി ഒ ഇന്ന് നൽകും. ഇത് കോടതി വിശദമായി പരിശോധിക്കും.
സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ പുതുതായി സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കും. സന്നിധാനത്തടക്കം വരുത്തിയ പുതിയ ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ ധരിപ്പിക്കും. ഉച്ച കഴിഞ്ഞ് 2 ന് ആണ് ഹൈക്കോടി ശബരിമലയിലെ വിഷയം സംബന്ധിച്ചുള്ള കേസ് വീണ്ടും പരിഗണിക്കുന്നത്.
.












Click it and Unblock the Notifications