• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല: ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസും

കോഴിക്കോട്: ദൈവത്തിന് വേണ്ടി ജനം തെരുവിലിറങ്ങിയ ചരിത്രം ഉത്തരേന്ത്യയിലേത് പോലെ കേരളത്തിന് അധികം പറയാനില്ല. എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷം സ്ത്രീകള്‍ അടക്കം ആയിരങ്ങളാണ് 'സേവ് ശബരിമല' മുദ്രാവാക്യങ്ങളും ശരണം വിളികളുമായി തെരുവില്‍ ഇറങ്ങിയത്.

ലിംഗവിവേചനം പാടില്ലെന്ന് അടിവരയിട്ട്, തുല്യത എന്ന ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിക്കെതിരെയായിരുന്നു കേരളത്തിലെ തെരുവുകളില്‍ ശരണംവിളി ഉയര്‍ന്നത്. വിശ്വാസികള്‍ക്കൊപ്പം എന്ന പേരില്‍ പൊതുസമൂഹത്തിന്റെ വികാരം രാഷ്ട്രീയമായി മുതലെടുക്കാനാണ് മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും അടക്കം ശ്രമിച്ചതെന്ന് വിമർശനം ഉയരുന്നു. സിപിഎം സുപ്രീം കോടതി വിധിക്കൊപ്പം നിന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും എന്‍എസ്എസും എസ്എന്‍ഡിപിയും വിശ്വാസ സംരക്ഷകരായി.

തുല്യത ഉയർത്തിപ്പിടിച്ച വിധി

തുല്യത ഉയർത്തിപ്പിടിച്ച വിധി

ശബരിമല കേസില്‍ 56 പു:നപരിശോധനാ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നാളെ വിധി പറയാനൊരുങ്ങുന്നത്. ഒരിടത്ത് നിന്നും യാതൊന്നിന്റെ പേരിലും അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ല സ്ത്രീകള്‍ എന്നാണ് 2018 സെപ്റ്റംബര്‍ 28ലെ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പോട് കൂടിയായിരുന്നു വിധി.

വിധിക്കെതിരെ ഹൈന്ദവ സംഘടനകൾ

വിധിക്കെതിരെ ഹൈന്ദവ സംഘടനകൾ

മിക്ക വനിതാ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും വിധിയെ അനുകൂലിച്ച് രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടേയും നേതാക്കള്‍ വിധിക്ക് തൊട്ട് പിറകെ നടത്തിയ പ്രസ്താവന കോടതി തീരുമാനത്തെ അംഗീകരിക്കുന്നു എന്നതായിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി, അയ്യപ്പ സേവാ സംഘം പോലുളള ഹൈന്ദവ സംഘടനകള്‍ വിധിക്കെതിരെ രംഗത്ത് വന്നു.

വിലക്കല്ല, നിയന്ത്രണം

വിലക്കല്ല, നിയന്ത്രണം

ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും നിയന്ത്രണം മാത്രമാണ് ഉളളതെന്നുമാണ് അയ്യപ്പ സേവാ സംഘം വാദിക്കുന്നത്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ടിക ബ്രഹ്മചാരിയായത് കൊണ്ടും ഋതുമതികളായ പെണ്‍കുട്ടികള്‍ക്ക് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തത് കൊണ്ടുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അഖില ഭാരത അയ്യപ്പ സേവാ സംഘം വാദിക്കുന്നു.

നാമജപവുമായി തെരുവിലേക്ക്

നാമജപവുമായി തെരുവിലേക്ക്

ഈ നിയന്ത്രണം ലിംഗ വിവേചനം അല്ലെന്നും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും അയ്യപ്പ സേവാ സംഘം വ്യക്തമാക്കുന്നു. ശബരിമല കേസിലെ കക്ഷി കൂടിയാണ് അയ്യപ്പ സേവാ സംഘം. അയ്യപ്പ സേവാ സംഘം അടക്കമുളള സംഘടനകളുടെ നേതൃത്വത്തിലാണ് ആദ്യം വിധിക്കെതിരെ സ്ത്രീകള്‍ അടക്കമുളളവര്‍ നാമജപവുമായി തെരുവിലേക്ക് ഇറങ്ങിയത്.

സർക്കാരിനെ അടിക്കാനുളള വടി

സർക്കാരിനെ അടിക്കാനുളള വടി

ഇതോടെ ശബരിമല വിഷയത്തിന്റെ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് കോണ്‍ഗ്രസും ബിജെപിയും നിലപാട് മാറ്റി. സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാരിനെ അടിക്കാനുളള വടിയായാണ് ശബരിമല വിഷയത്തെ ബിജെപിയും കോണ്‍ഗ്രസും പിന്നീട് ഉപയോഗപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ടായിരുന്നു ഇരുപാര്‍ട്ടികളുടേയും നീക്കം.

തുടക്കത്തിൽ ആശയക്കുഴപ്പം

തുടക്കത്തിൽ ആശയക്കുഴപ്പം

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ സുരേന്ദ്രനും ലേഖനമെഴുതിയ ഒ രാജഗോപാലും അടക്കമുളളവര്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു. ഏത് നിലപാട് സ്വീകരിക്കണമെന്ന് തുടക്കത്തില്‍ കനത്ത ആശയക്കുഴപ്പത്തിലായിരുന്നു ബിജെപി. നിലപാടുകള്‍ മാറ്റിപ്പറിഞ്ഞ് അന്നത്തെ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പല തവണ ട്രോളുകള്‍ക്കിരയായി.

ബിജെപിയും സമരമുഖത്ത്

ബിജെപിയും സമരമുഖത്ത്

അയ്യപ്പ ഭക്തരുടെ സമരത്തിന് ആര്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയും സമരത്തിലേക്കിറങ്ങുകയായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ ആയിരുന്നില്ല മറിച്ച് വിധി നടപ്പാക്കുമെന്ന് പറഞ്ഞ ഇടത് സര്‍ക്കാരിന് എതിരെയായിരുന്നു ബിജെപിയുടെ സമരം. ശ്രീധരന്‍ പിളളയുടെ സുവര്‍ണാവസരം പ്രസംഗം വന്‍ വിവാദമായി. പമ്പയും നിലയ്ക്കലും സന്നിധാനവും സംഘര്‍ഷഭൂമിയായി. പിന്നീട് സെക്രട്ടേറിയറ്റിന് മുന്നിലേക്കും ബിജെപി സമരം മാറ്റി. എന്നാല്‍ ശബരിമല വിഷയം മുന്‍നിര്‍ത്തി നേരിട്ട തിരഞ്ഞെടുപ്പുകളിലൊന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല.

നിലപാടിൽ വെള്ളം ചേർത്ത് ആർഎസ്എസും

നിലപാടിൽ വെള്ളം ചേർത്ത് ആർഎസ്എസും

ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന് സ്ത്രീ പ്രവേശനത്തോട് യോജിപ്പായിരുന്നു ആദ്യം. 2016ല്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ പ്രഖ്യാപിച്ചത് ശബരിമല അടക്കം ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാന്‍ പാടില്ല എന്നായിരുന്നു. ആര്‍എസ്എസ് വാരികയായ കേസരിയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ലേഖനവും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

പ്രക്ഷോഭത്തിലും ഇടപെടൽ

പ്രക്ഷോഭത്തിലും ഇടപെടൽ

എ്ന്നാല്‍ വിധിക്കൊപ്പം നില്‍ക്കുന്നത് കേരളത്തില്‍ സംഘപരിവാറിന് രാഷ്ട്രീയ നേട്ടത്തിന് ഉതകില്ല എന്ന കണക്ക് കൂട്ടലോടെ ആര്‍എസ്എസ് ശബരിമലയില്‍ നിലപാട് മാറ്റി. ആചാരങ്ങള്‍ പരിഗണിക്കാതെയാണ് ശബരിമലയിലെ വിധിയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. അയ്യപ്പ സേവാ സംഘത്തെ മുന്‍നിര്‍ത്തി ശബരിമല പ്രക്ഷോഭത്തിലും ആര്‍എസ്എസ് ഇടപെടല്‍ നടത്തി.

സ്ത്രീ പ്രവേശനം വേണ്ട

സ്ത്രീ പ്രവേശനം വേണ്ട

സാമുദായിക സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്താണ് തുടക്കം മുതല്‍ക്കേ നിലപാട് സ്വീകരിച്ചത്. വിധി നടപ്പാക്കാനിറങ്ങിയ സര്‍ക്കാരിനെ എന്‍എസ്എസ് തുറന്നെതിര്‍ത്തപ്പോള്‍ എസ്എന്‍ഡിപി സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ തുനിഞ്ഞില്ല. സര്‍ക്കാര്‍ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കണം എന്നാണ് എന്‍എസ്എസ് ആവശ്യപ്പെട്ടത്.

വനിതാ മതിലിൽ വെള്ളാപ്പളളി

വനിതാ മതിലിൽ വെള്ളാപ്പളളി

അതേസമയം വിധിയോട് യോജിച്ചില്ലെങ്കിലും നവോത്ഥാന മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഉയര്‍ത്തിയ വനിതാ മതിലില്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പളളി നടേശന്‍ കുടുംബസഹിതം എത്തുകയുണ്ടായി. അതേ എസ്എന്‍ഡിപി പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് അനുവാദം നല്‍കുകയും വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തു.

വിശ്വാസ സംരക്ഷക വേഷം

വിശ്വാസ സംരക്ഷക വേഷം

ശബരിമല വിധിയില്‍ ബിജെപിയെ പോലെ തന്നെ തന്ത്രപരമായ നിലപാടായിരുന്നു കോണ്‍ഗ്രസും സ്വീകരിച്ചത്. വിധിയെ ആദ്യം സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ന്ന് വിശ്വാസ സംരക്ഷണം ഏറ്റെടുത്ത് മുന്നോട്ട് വന്നു. രമേശ് ചെന്നിത്തലയും കൂട്ടരും നിലയ്ക്കല്‍ വന്ന് സമരം ചെയ്യുക പോലുമുണ്ടായി. സര്‍ക്കാര്‍ വിശ്വാസികളെ ദ്രോഹിക്കുന്നു എന്നതായിരുന്നു കോണ്‍ഗ്രസിന്റെയും ആരോപണം.

19 സീറ്റിലെ വിജയം

19 സീറ്റിലെ വിജയം

അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി ആദ്യം സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചായിരുന്നു പ്രതികരിച്ചത്. എന്നാല്‍ കേരള ഘടകം നിലപാട് മാറ്റിയതോടെ രാഹുലും കളംമാറ്റി. ശബരിമല സമരത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കും എന്ന ഭയമായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. ശബരിമല പ്രശ്നത്തിന് പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റിലും വിജയിക്കാന്‍ യുഡിഎഫിനായി. അത് ശബരിമല വിഷയത്തിലെ സര്‍ക്കാരിനോടുളള എതിര്‍പ്പായി വ്യാഖ്യാനിക്കപ്പെട്ടു.

വിധി നടപ്പാക്കുമെന്ന് പിണറായി

വിധി നടപ്പാക്കുമെന്ന് പിണറായി

എന്നാല്‍ അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇടത് മുന്നണിയും നേട്ടം കൊയ്തതോടെ ശബരിമല കൊണ്ട് വോട്ടുണ്ടാക്കാം എന്ന ധാരണ അവസാനിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളിൽ ശബരിമല വിധിയോട് അനുകൂല നിലപാട് ഇടതുപക്ഷത്തിന് മാത്രമായിരുന്നു. സുപ്രീം കോടതി വിധിക്കൊപ്പമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം മുതല്‍ക്കേ തന്നെ ഉറക്കെ പ്രഖ്യാപിച്ചു

ആർത്തവം അശുദ്ധമല്ല

ആർത്തവം അശുദ്ധമല്ല

ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ പുരുഷന് എന്നത് പോലെ സ്ത്രീക്കുമുണ്ടെന്ന് സിപിഎം വാദിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നവോത്ഥാന സദസ്സുകള്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രസംഗങ്ങള്‍ ശബരിമല സമരകാലത്തെ പ്രധാനപ്പെട്ട ഏടാണ്. ആര്‍ത്തവം അശുദ്ധമല്ലെന്ന് മുഖ്യമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിച്ചു.

തീവ്ര നിലപാട് ഇനി വേണ്ട

തീവ്ര നിലപാട് ഇനി വേണ്ട

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റിലും തോറ്റതോടെ ശബരിമല നിലപാട് പുനപരിശോധിക്കാന്‍ സിപിഎം നിര്‍ബന്ധിതരായി. ശബരിമല പ്രശ്‌നം ലിംഗനീതിയുടേതാണ് എന്ന നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കണമെന്നും അവര്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് ബോധ്യപ്പെടുത്തണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ട് തുടങ്ങി. ഇതോടെ തീവ്ര നിലപാടില്‍ നിന്ന് സിപിഎം പിന്‍വാങ്ങി.

ശബരിമല: റിവ്യൂ ഹര്‍ജി നല്‍കിയത് ആരൊക്കെ, വാദങ്ങളും പ്രതിവാദങ്ങളും എന്ത്

English summary
Sabarimala Verdict: Stand taken by major political parties and organizations in Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X