തന്റെ നിഴലിനെ പോലും മന്ത്രി എകെ ബാലന്‍ ഭയക്കുകയാണ്, സത്യം വെളിപ്പെടുത്തണമെന്ന് ബിന്ദു അമ്മിണി
കോട്ടയം: ശബരിമലയിലേക്ക് പോകുന്നതിന് മുന്‍പ് മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണത്തിന് മറുപടിയുമായി ബിന്ദു അമ്മിണി രംഗത്ത്. താന്‍ എന്തിനാണ് ഓഫീസില്‍ പോയത് എന്ന് പറയാനുളള ആര്‍ജവം മന്ത്രി കാണിക്കണമെന്ന് ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. താന്‍ ഓഫീസില്‍ ചെന്നിട്ടില്ല എന്ന് പറയുന്നത് ഭയം കൊണ്ടാണ് എന്നും ബിന്ദു അമ്മിണി ആരോപിച്ചു.
തന്റെ നിഴലിനെ പോലും മന്ത്രി എകെ ബാലന്‍ ഭയക്കുകയാണ്. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതായ വിഷയം അന്വേഷിക്കുന്നതിനാണ് മന്ത്രിയുടെ ഓഫീസില്‍ പോയത് എന്ന് ബിന്ദു അമ്മിണി പറയുന്നു.

ഇക്കാര്യം വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറാകണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ കാണാന്‍ പോയത് എന്ന തരത്തില്‍ പൊതുജനമധ്യത്തിലുണ്ടായ സംശയങ്ങള്‍ നീക്കണം. ഇക്കാര്യത്തില്‍ മന്ത്രി എകെ ബാലന്‍ കളളക്കളി നടത്തരുത് എന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിന്ദു അമ്മിണിക്ക് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
താന്‍ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. താന്‍ ആക്രമിക്കപ്പെട്ടാല്‍ അതിന് പിന്നില്‍ ഇവരാണെന്ന് ബിന്ദു അമ്മിണി പറയുന്നു. ജനുവരി 2ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയിലെ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകും. നൂറോളം സ്ത്രീകളാണ് ശബരിമലയിലേക്ക് പോകുന്നത്. ശബരിമല യാത്രയ്ക്ക് പിന്തുണ നല്‍കുന്നുവെന്നും എന്നാല്‍ യാത്രയില്‍ പങ്കെടുക്കുന്നില്ലെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.












Click it and Unblock the Notifications